കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ കുറവാണ് ലിബറൽ പാർട്ടിക്കുള്ളത്. 338 അംഗങ്ങളുള്ള സഭയിൽ 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പൊതുതെരഞ്ഞെടുപ്പിൽ 157 സീറ്റുകൾ മാത്രമാണ് ലിബറൽ പാർട്ടിക്ക് നേടാനായത്.
മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി കഴിഞ്ഞ തവണത്തേ 99ൽ നിന്ന് നില മെച്ചപ്പെടുത്തിയെങ്കിലും ജസ്റ്റിൻ ട്രൂഡോയുടെ ജനപിന്തുണ മറികടക്കാൻ പാർട്ടിക്കായില്ല. ആൻഡ്രൂ ഷീർ നേതൃത്വം നൽകുന്ന പാർട്ടി 121 സീറ്റിൽ ഒതുങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
32 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബ്‌ളോക്ക് കെബെക്വ പാർട്ടിയാണ് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി. കെബെക്ക് പ്രവിശ്യക്ക് സ്വയം ഭരണം നൽകണമെന്നാവശ്യപ്പെടുന്ന പാർട്ടിയ്ക്ക് ലഭിച്ച വൻപിന്തുണ കാനഡയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. 2015 ൽ ഇവർക്ക് ലഭിച്ചത് 10 സീറ്റുകൾ മാത്രമായിരുന്നു.
മിസ്സിസാഗ മാൾട്ടണിൽ നിന്ന് ജനവിധി തേടിയ കൺസർവേറ്റീവ് സ്ഥാനാർഥിയും മലയാളിയുമായ ടോം വർഗീസ് പരാജയപ്പെട്ടു. ഫെഡറൽ മന്ത്രി കൂടിയായ ലിബറൽ പാർട്ടി സ്ഥാനാർഥി നവദീപ് ബെയ്ൻസാണ് ടോമിനെ പരാജയപ്പെടുത്തിയത്.
അതേ സമയം, കേവല ഭൂരിപക്ഷമില്ലാതെ പ്രധാന മന്ത്രി പദത്തിലെത്തുന്ന ട്രൂഡോ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here