‘ഞാന്‍ ഒരു സയണിസ്റ്റ്, അഭിമാനം മാത്രം’; ട്രൂഡോയുടെ പ്രഖ്യാപനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച

താന്‍ ഒരു സയണിസ്റ്റ് ആണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രഖ്യാപനം വിവാദത്തില്‍. താന്‍ ജൂതജനതയെ പിന്തുണയ്ക്കുന്നുവെന്ന ട്രൂഡോയുടെ പ്രഖ്യാപനം ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റേയും ഗസ്സയിലെ കൂട്ടക്കൊലയുടേയും പശ്ചാത്തലത്തില്‍ ഔചിത്യമില്ലാത്തതായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. സെമിറ്റിക് വിരുദ്ധതയ്‌ക്കെതിരായ ദേശീയ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് താന്‍ ജൂതരുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്ന സയണിസ്റ്റ് ആണെന്ന് ട്രൂഡോ പ്രഖ്യാപിച്ചത്. സയണിസ്റ്റ് എന്ന് തുറന്നുപറയാന്‍ ഈ രാജ്യത്ത് ആരും ഭയക്കേണ്ടതില്ലെന്നും ട്രൂഡോ പറഞ്ഞു. ( I Am A Zionist,says Canada’s Justin Trudeau’s)
സെമിറ്റിക് വിരുദ്ധത വളരെ സാധാരണമെന്ന മട്ടില്‍ ആളുകള്‍ പ്രയോഗിച്ച് തുടങ്ങുന്നതിനേയും സയണിസ്റ്റ് എന്നത് ഒരു അധിക്ഷേപ പദമായി മാറുന്നതിനേയും ചെറുക്കേണ്ടതുണ്ടെന്ന് ട്രൂഡോ ഓര്‍മിപ്പിച്ചു. ജൂത ജനതകള്‍ക്ക് മറ്റെല്ലാ ജനതയേയും പോലെ തന്നെ അവകാശങ്ങളുണ്ടെന്നും അവര്‍ക്ക് സ്വന്തം ഭാവി സ്വയം തീരുമാനിക്കാനുള്ള എല്ലാ വിധ സ്വാതന്ത്ര്യവുമുണ്ടെന്നും ട്രൂഡോ പറഞ്ഞു. ജൂതന്മാര്‍ ഇരുട്ടിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ട്രൂഡോ പറഞ്ഞ ഈ വാക്കുകള്‍ വളരെ വിലയേറിയതാണെന്ന് കാനഡയിലെ ഇസ്രയേല്‍ എംബസി പ്രശംസിച്ചു. സെമിറ്റിക് വിരുദ്ധതയെ ചെറുക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എംബസ്സി പ്രസ്താവിച്ചു.
ജസ്റ്റിന്‍ ട്രൂഡോയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഭാവി സ്വയം തീരുമാനിക്കാന്‍ ജൂതര്‍ക്ക് അവകാശമുണ്ടെന്നതിന് ഒരു മറുവശമുണ്ടെന്നും പലസ്തീനികളുടെ സ്വയം നിര്‍ണയാവകാശത്തെയാണ് സയണിസം അട്ടിമറിക്കുന്നതെന്ന് കാണാതെ പോകരുതെന്നും യുഎന്‍ മനുഷ്യാവകാശ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് പറഞ്ഞു. എല്ലാ വംശീയതയേയും പോലെ സയണിസ്റ്റ് വിരുദ്ധതയെ എതിര്‍ക്കണമെന്നും അത് മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാകരുതെന്ന് ഉറപ്പാക്കണമെന്നും ഒരുകൂട്ടമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സണിസ്റ്റായതില്‍ അഭിമാനിക്കുന്ന ട്രൂഡോ അവരുടെ അധിനിവേശത്തേയും കൂട്ടക്കൊലയേയും വംശവെറിയേയും അഭിമാനത്തോടെയാണോ കാണുന്നതെന്ന് എന്ന് കൂടി പറയണമെന്ന് മറ്റൊരു കൂട്ടം എക്‌സ് ഉപയോക്താക്കളും അഭിപ്രായപ്പെട്ടു.
Story Highlights : I Am A Zionist,says Canada’s Justin Trudeau
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here