ദേവദത്ത് പടിക്കൽ; കർണാടകക്ക് വേണ്ടി ബാറ്റിംഗ് വിസ്മയം തീർക്കുന്ന എടപ്പാളുകാരൻ

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി അതിൻ്റെ അവസാനത്തിലേക്ക് നീങ്ങുകയാണ്. നാളെ (ഒക്ടോബർ 25)നാണ് ഫൈനൽ. കർണാടകയും തമിഴ്നാടും തമ്മിൽ നടക്കുന്ന കലാശപ്പോരിൽ വിജയിക്കുന്ന ടീം ഈ സീസണിലെ വിജയ് ഹസാരെ ടീം ചാമ്പ്യന്മാരാവും. ഇരു ടീമുകളും ശക്തരാണ്. മനീഷ് പാണ്ഡെ, ലോകേഷ് രാഹുൽ, ദിനേഷ് കാർത്തിക്, മുരളി വിജയ്, വിജയ് ശങ്കർ, കരുൺ നായർ, ശ്രേയാസ് ഗോപാൽ, കെ ഗൗതം തുടങ്ങി ദേശീയ ടീമിലും ഐപിഎൽ ടീമുകളിലും കളിച്ച് തെളിയിച്ച ഒട്ടനവധി താരങ്ങളാണ് ഇരു ടീമുകളിലുമായി അണിനിരക്കുന്നത്. ഈ പേരുകളിലൊന്നും പെടാത്ത ഒരാളുണ്ട്. ഈ സീസണിൽ ഏറ്റവുമധികം റൺസ് നേടി ഒന്നാമത് നിൽക്കുന്ന താരം. 2 സെഞ്ചുറികൾ, അഞ്ച് അർദ്ധസെഞ്ചുറികൾ. അയാളാണ് ദേവദത്ത് പടിക്കൽ. മലപ്പുറം ജില്ലയിലെ എടപ്പാളുകാരൻ. മലയാളി!
കർണാടകക്ക് വേണ്ടിയാണ് ഇടംകയ്യൻ ബാറ്റ്സ്മാനായ ദേവദത്ത് കളിക്കുന്നത്. കർണാടകയുടെ ഓപ്പണിംഗ് ബാറ്റ്സ്മാനാണ് ഈ യുവതാരം. എടപ്പാളിലാണ് ജനിച്ചതെങ്കിലും ദേവദത്തിൻ്റെ ചെറുപ്രായത്തിൽ തന്നെ കുടുംബം കർണാടകയിലേക്ക് ചേക്കേറുകയും ബെംഗളൂരുവിൽ താമസമുറപ്പിക്കുകയും ചെയ്തു. പതിനൊന്നാം വയസ്സിൽ ക്രിക്കറ്റ് കളി തുടങ്ങിയ ദേവദത്തിൻ്റെ വളർച്ച വളരെ വേഗത്തിലായിരുന്നു.
2017ലെ കർണാടക പ്രീമിയർ ലീഗിൽ ബെല്ലാരി ടസ്കേഴ്സിനു വേണ്ടി 53 പന്തുകളിൽ 72 റൺസെടുത്ത ദേവദത്ത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കർണാടക അണ്ടർ-19 ടീമിനു വേണ്ടി തുടർച്ചയായി ഗംഭീര പ്രകടനങ്ങൾ. പിന്നീട് ഒരു തിരിച്ചടി. ഫോം നഷ്ടപ്പെടലും തുടർച്ചയായ മോശം പ്രകടനങ്ങളും ദേവദത്തിനെ ഒരു കടുത്ത തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചു. ക്രിക്കറ്റ് അവസാനിപ്പിക്കുക! പക്ഷേ, അത് മണ്ടത്തരമാണെന്ന് മനസ്സിലാക്കിയ താരം കഠിനാധ്വാനത്തിലൂടെ അടുത്ത വർഷം ഫീനിക്സ് പക്ഷിയെപ്പോലെ തിരികെ വന്നു.
കഴിഞ്ഞ വർഷത്തെ കൂച്ച് ബെഹാർ ട്രോഫിയിൽ 829 റൺസുമായാണ് ദേവദത്ത് ഫിനിഷ് ചെയ്തത്. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് സ്കോർ ചെയ്തവരിൽ നാലാമത്. അവിടം കൊണ്ട് നിർത്തിയില്ല, കർണാടക പ്രീമിയർ ലീഗിൻ്റെ കഴിഞ്ഞ സീസണിൽ 310 റൺസുമായി ഒന്നാമതായിരുന്നു താരം. കഴിഞ്ഞ രഞ്ജി സീസണിൽ കർണാടകക്കു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികളാണ് ദേവദത്ത് രഞ്ജിയിൽ നേടിയത്. ഇതിനിടെ, മികച്ച ബാറ്റ്സ്മാനുള്ള കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ്റെ പുരസ്കാരം ലഭിച്ചു. ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ഇടം നേടിയ ദേവദത്ത് അവിടെയും ചില ഗംഭീര പ്രകടനങ്ങൾ നടത്തി. തുടർന്ന് വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള ടീമിലെത്തി. അവിടെ ഏറ്റവുമധികം റൺ നേടിയ താരങ്ങളിൽ ഒന്നാമത്.
പുലികളും സിംഹങ്ങളും വാഴുന്ന കർണാടക ടീമിൽ പ്രകടനമികവു കൊണ്ട് അവരെയൊക്കെ മറികടക്കുന്ന 19കാരൻ മലയാളി! കേൾക്കാൻ തന്നെ എന്താ സുഖം!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here