ഇടത് കോട്ട പിടിച്ചെടുത്ത് ഷാനിമോൾ ഉസ്മാൻ

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ  ഇടതുപക്ഷത്തിൻ്റെ ഏക സിറ്റിംഗ് സീറ്റായിരുന്നു അരൂർ. അത് പക്ഷേ, കൈവിട്ടു. ഷാനിമോൾ ഉസ്മാൻ എന്ന കേരള രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന വനിതാ നേതാവ് ഇടതിൻ്റെ ഇളമുറക്കാരനെ പരാജയപ്പെടുത്തി അരൂർ പിടിച്ചു. മനു സി പുളിക്കലിൻ്റെ നിയമസഭയിലേക്കുള്ള ആദ്യ പോരാട്ടം പരാജയത്തിൽ കലാശിച്ചതിലുപരി യുവാക്കളെ മത്സരരംഗത്തിറക്കിയ ഇടതുമുന്നണിയുടെ തന്ത്രം പരാജയപ്പെട്ടതാണ് ഈ മത്സരഫലത്തിലെ സുപ്രധാന ഘടകം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലം ഷാനിമോൾ ഉസ്മാന് പരാജയമാണ് സമ്മാനിച്ചതെങ്കിലും ഇത്തവണ ഷാനിമോൾക്ക് ആശ്വാസമായിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. എൽഡിഎഫ് സ്ഥാനാർഥിയായി മനു സി.പുളിക്കലും എൻഡിഎയുടെ കെ.പി.പ്രകാശ് ബാബുവുമായിരുന്നു എതിരാളികൾ. അഞ്ചു മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ്ങ് അരൂരിലായിരുന്നു. 80.47 ശതമാനം.

1957 ൽ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന പതിനഞ്ച് തെരഞ്ഞെടുപ്പുകളിൽ പത്ത് തവണയും അരൂർ പിന്തുണച്ചത് ഇടതുപക്ഷത്തെയാണ്. രണ്ട് തവണ മാത്രമാണ് യുഡിഎഫിനൊപ്പം മണ്ഡലം നിലകൊണ്ടത്.

ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിംകുഞ്ഞിന്റെ മകളായാണ് ഷാനിമോൾ ഉസ്മാൻ ജനിച്ചത്. ആലപ്പുഴ എസ്ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. തിരുവനന്തപുരം ലയോള കോളെജിലെ ബിരുദാനന്തരബിരുദ സമയത്തും തിരുവനന്തപുരം ലോ അക്കാദമിയിലെ നിയമപഠന സമയത്തും വിദ്യാർത്ഥിരാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകയായി. ഇതോടെ ഷാനിമോൾ ഉസ്മാൻ എന്ന പേര് രാഷ്ട്രീയ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

Read Also : 23 വർഷമായി കോൺഗ്രസ് കുത്തകയായിരുന്ന കോന്നി ഇത്തവണ ചുവപ്പണിഞ്ഞു; അട്ടിമറി വിജയം നേടി കെയു ജനീഷ് കുമാർ

തിരുവനന്തപുരം ലൊയോള കോളജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽഎൽബി പാസായി. ശേഷം അമ്പലപ്പുഴ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.

കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിതയാണ് ഷാനിമോൾ ഉസ്മാൻ. കെപിസിസി നിർവാഹക സമിതി അംഗം, യൂത്ത് കോൺഗ്രസ്-എൻഎസ്‌യു കോ ഓർഡിനേഷൻ കമ്മിറ്റി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ നഗരസഭാ ചെയർപേഴ്സൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളാണ് ഷാനിമോൾ.

രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. രണ്ട് വട്ടവും പരാജയപ്പെട്ടു. ഇക്കുറി ലോക്സഭയിലേക്കു മത്സരിച്ചിരുന്നുവെങ്കിലും അവിടെയും പരാജയം രുചിച്ചു. അഡ്വക്കറ്റ് എ മുഹമ്മദ് ഉസ്മാനാണ് ഭർത്താവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top