വോട്ടെണ്ണല്‍ ആരംഭിച്ചു; വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് മുന്നില്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം തപാല്‍, സര്‍വീസ് വോട്ടുകളാണ് എണ്ണുന്നത്. വട്ടിയൂര്‍ക്കാവില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മേയര്‍ വി കെ പ്രശാന്താണ് മുന്നില്‍ നില്‍ക്കുന്നത്. 18 വോട്ടുകളാണ് പോസ്റ്റലായി മേയര്‍ക്ക് ലഭിച്ചത്.
പോളിംഗ് ശതമാനം കുറഞ്ഞതിലെ ആശങ്കയുണ്ടെങ്കിലും മുന്നണികളെല്ലാം ശുഭപ്രതീക്ഷയിലാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. മഞ്ചേശ്വരത്ത് പൈവളികേ നഗര്‍ ഗവ,എച്ച്എസ്, എറണാകുളത്ത് മഹാരാജാസ് കോളജ്, അരൂരില്‍ പള്ളിപ്പുറം എന്‍എസ്എസ് കോളജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ്, വട്ടിയൂര്‍ക്കാവില്‍ പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളിലെ അതിസുരക്ഷാ മുറികളിലാണ്.സ്‌ട്രോംഗ്് റൂമുകള്‍ക്ക് കേന്ദ്രസേന പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തില്‍ രാവിലെ എട്ടു മണിയോടെയാണ് സ്‌ട്രോംഗ്് റൂമുകള്‍ തുറന്നത്. 14 ടേബിളുകളിലാണ് ഒരു റൗണ്ടില്‍ വോട്ടെണ്ണല്‍ നടക്കുക. ആദ്യ റൗണ്ട് പൂര്‍ത്തിയാകുന്നതോടെ അടുത്ത റൗണ്ട് വോട്ടെണ്ണലിനുള്ള യന്ത്രങ്ങളും എത്തിക്കും. അങ്ങനെ 12 റൗണ്ടില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും.
ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകളും എണ്ണി തിട്ടപ്പെടുത്തും. ഏതൊക്കെ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാകും എണ്ണുകയെന്നതു നറുക്കിട്ടാകും തീരുമാനിക്കുക. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിക്കഴിഞ്ഞതിന് ശേഷമായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷാ സന്നാഹവും സജ്ജമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here