‘നായിക ബൈക്ക് ഓടിക്കുമ്പോൾ ജീവൻ പണയം വെച്ചാണ് പിന്നിലിരുന്നത്’; ചിരിയുണർത്തി ഒരു കടത്ത്നാടൻ കഥ അണിയറ പ്രവർത്തകരുടെ അഭിമുഖം

പുതുമുഖങ്ങൾ അഭിനയിക്കുന്ന ‘ഒരു കടത്ത്നാടൻ കഥ’ ഇന്ന് റിലീസ് ആയിരിക്കുകയാണ്. നടൻ സിദ്ധീക്കിൻ്റെ മകൻ ഷഹീൻ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഡിറ്റർ ആയി സിനിമാ ജീവിതം തുടങ്ങിയ പീറ്റർ സാജൻ ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പുതുമുഖം ആര്യയാണ് നായികാ കഥാപാത്രമായി എത്തുന്നത്. ആര്യ ബൈക്കോടിക്കുമ്പോൾ ഷഹീൻ അതിനു പിന്നിലിരുന്നത് ജീവൻ പണയം വെച്ചാണെന്ന അണിയറ പ്രവർത്തകരുടെ വെളിപ്പെടുത്തൽ ചിരിയുണർത്തുകയാണ്.
ഫ്ലവേഴ്സ് ഡിജിറ്റലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമക്ക് വേണ്ടിയിരുന്നത് ടൂ വീലർ ഓടിക്കാൻ അറിയാവുന്ന നായികയെ ആയിരുന്നു. ആര്യയുടെ ചിത്രങ്ങളും ടിക്ടോക്ക് വീഡിയോയും കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. അങ്ങനെ നേരിട്ടു കണ്ടു. മറ്റു കാര്യങ്ങളൊക്കെ സംസാരിച്ച് ഓക്കെയായി. അവസാനമാണ് ഡ്രൈവിംഗ് അറിയില്ലെന്ന് ആര്യ പറഞ്ഞത്. പിന്നെ ഷൂട്ട് തുടങ്ങാൻ 15 ദിവസങ്ങൾ കൂടിയാണ് ഉണ്ടായിരുന്നത്. ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് ഡ്രൈവിംഗ് പഠിക്കാമെന്ന ഉറപ്പിന്മേൽ ആര്യയെ തിരികെ അയച്ചു. പറഞ്ഞതു പോലെ ആര്യ ഡ്രൈവിംഗ് പഠിച്ചുവെന്ന് സംവിധായകൻ പറഞ്ഞു.
ഷൂട്ട് തുടങ്ങുന്നതിനു മുൻപ് ആര്യ ഓക്കെയായിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങിക്കഴിഞ്ഞ് സംഗതി മാറി. ഷൂട്ടിനിടയിൽ വേഗത കുറച്ചാണ് ബൈക്ക് ഓടിക്കേണ്ടിയിരുന്നത്. അത് ആര്യക്ക് ബുദ്ധിമുട്ടായിരുന്നു. കൃത്യമായ ഒരിടത്ത് ബൈക്ക് നിർത്തനൊന്നും സാധിച്ചിരുന്നില്ല. ഷൂട്ടിംഗ് അവസാനമായപ്പോഴേക്കും ഈ സ്ഥിതി മാറി വന്നെങ്കിലും ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു എന്ന് ഷഹീൻ പ്രതികരിച്ചു.
കുഴൽപ്പണവുമയി ബന്ധപ്പെട്ട സിനിമയാണ് ഒരു കടത്ത്നാടൻ കഥ. 12 മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. ഷഹീനും ആര്യക്കും ഒപ്പം അഭിഷേക്, സലിം കുമാർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here