ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കും

അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് സൂചന. വടക്കൻ കേരളത്തിൽ മഴയുടേയും കാറ്റിന്റെയും ശക്തി കുറഞ്ഞു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. കാസർഗോഡ് മഴയ്ക്ക് നേരിയ ശമനമുണ്ട്.
കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ വടക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസം മഴ കനത്തിരുന്നു. 130 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സഞ്ചാരം. കൊങ്കൺ തീരത്ത് നിന്ന് അകന്നു പോകുന്ന ചുഴലിക്കാറ്റ് ഒമാൻ, കച്ച് മേഖലകളിലേക്ക് തിരിയാനുള്ള സാധ്യതയേറെയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം കാറ്റിന്റെ പ്രഭാവത്തിൽ കർണാടകയുടെ വടക്കൻ ഭാഗങ്ങളിൽ മഴ കനത്തു തുടങ്ങി.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്കും ശക്തിയായ കാറ്റിനും നേരിയ ശമനമുണ്ട്. ഒറ്റപ്പെട്ട മഴയാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here