ഉമ്മന്‍ചാണ്ടിയെ വീണ്ടും കേരളത്തില്‍ സജീവമാക്കാന്‍ ദേശീയ നേതൃത്വം

ഉമ്മന്‍ചാണ്ടിയെ വീണ്ടും കേരളത്തിലെ സംഘടനാ ചുമതലകളില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. രാജ്യത്ത് കോണ്‍ഗ്രസിനിപ്പോള്‍ പ്രതീക്ഷകള്‍ അവശേഷിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ പേര് കേരളത്തിന്റേതാണ്. പക്ഷേ നിലവില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ പോക്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തൃപ്തയല്ല.

പാര്‍ട്ടിയുടെ സ്ഥാനം അടയാളപ്പെടുത്തുന്ന വിധം പ്രതിപക്ഷത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ നിഗമനം. ഇങ്ങനെപോയാല്‍ മുസ്‌ലിം ലീഗ് പോലുള്ള പാര്‍ട്ടികള്‍ക്ക് പിന്നിലാകും കോണ്‍ഗ്രസിന്റെ സ്ഥാനമെന്ന് സംസ്ഥാനത്തുനിന്നുള്ള കെ വി തോമസ് അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ വിവരവും ഗൗരവമായി സോണിയാഗാന്ധി കരുതുന്നു.

ഇതിനുള്ള പരിഹാരമായാണ് ഉമ്മന്‍ചാണ്ടിയെ കേരളത്തില്‍ സജീവമാക്കാന്‍ സോണിയാ ഗാന്ധി തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലകളില്‍ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇതും നടപ്പിലാക്കും.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു ശേഷം എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിന്റെ ചുമതലയാകും ഉമ്മന്‍ചാണ്ടിക്ക് നല്‍കുക. അതേസമയം ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ വിഭാഗീയത ശക്തമാകാതിരിക്കാന്‍ പാകത്തില്‍ ചില ഇടപെടലുകളും ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top