കോൾലിസ്റ്റ് നീക്കം ചെയ്‌തെന്ന ആരോപണം; അഫീലിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറി

പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് മരിച്ച അഫീലിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറി. ഫോണിൽ തിരിമറി നടന്നിട്ടുണ്ടെന്ന മാതാപിതാക്കളുടെ ആരോപണത്തെ തുടർന്നാണ് നടപടി.
അഫീലിന്റെ മൊബൈൽ ഫോണിലെ കോൾലിസ്റ്റ് മായ്ച്ചതായി കണ്ടെത്തിയിരുന്നു. അഫീലിനെ സ്റ്റേഡിയത്തിലേക്ക് വിളിച്ചു വരുത്തിയ സംഘാടകരെ രക്ഷിക്കാനാണ് ഈ നടപടിയെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. വീട്ടിൽ തെളിവെടുപ്പിന് എത്തിയ പാലാ സ്റ്റേഷൻ ഹൗസ് ഓഫീസറോടും മാതാപിതാക്കൾ പരാതി ആവർത്തിച്ചിരുന്നു.
അഫീലിന്റെ മൈാബൈൽ ഫോണിൽ ഫിംഗർ ലോക്കും പാസ്വേഡുമായിരുന്നു ഉണ്ടായിരുന്നത്. അപകടം സംഭവിച്ചതിന് പിന്നാലെ അഫീലിന്റെ ഫോണിൽ നിന്ന് മാതാപിതാക്കൾക്ക് കോൾ പോയിരുന്നു. അബോധാവസ്ഥയിലായിരുന്ന അഫീലിന്റെ വിരൽ ഉപയോഗിച്ച് ഫോൺ ലോക്ക് തുറന്നതായിരിക്കാമെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇതോടൊപ്പം കോൾലിസ്റ്റും നീക്കം ചെയ്തിരിക്കാമെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഒക്ടോബർ മൂന്ന്, നാല് തീയതികളിലെ മുഴുവൻ കോൾലിസ്റ്റുകളും നീക്കം ചെയ്ത നിലയിലാണ്.
സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ സംഘാടകർക്ക് വീഴ്ച പറ്റിയതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. അഫീൽ സ്വന്തം ഇഷ്ടപ്രകാരമാണ് സ്റ്റേഡിയത്തിൽ എത്തിയതെന്നാണ് സംഘാടകൾ അവകാശപ്പെടുന്നത്. അഫീലിനെ കൂടാതെ പന്ത്രണ്ട് വിദ്യാർത്ഥികൾ കൂടി വോളന്റിയർമാരായി പ്രവർത്തിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണിതെന്ന് ഇവരിൽ നിന്ന് കഴിഞ്ഞ ദിവസം സംഘാടകർ എഴുതി വാങ്ങുകയും ചെയ്തിരുന്നു. അഫീലിന്റെ മരണത്തിൽ പങ്കില്ലെന്ന് വരുത്താനാണ് മൊബൈൽ ഫോണിലെ കോൾലിസ്റ്റ് മായ്ച്ചതെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു.
Read also:മൊബൈൽ ഫോണിലെ കോൾലിസ്റ്റ് മായ്ച്ചു; അഫീലിന്റെ മരണത്തിൽ സംഘാടകരെ രക്ഷിക്കാൻ നീക്കമെന്ന് ആരോപണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here