കോട്ടയത്ത് 13 വയസുകാരി പീഡനത്തിനിരയായി; നാല് പേർ അറസ്റ്റിൽ

കോട്ടയം കിടങ്ങൂരിൽ 13 വയസുകാരി പീഡനത്തിന് ഇരയായതായി പരാതി. രണ്ട് വർഷമായി അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. പ്രതികൾക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്.

കിടങ്ങൂർ സ്വദേശികളായ ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരുടെ സുഹൃത്തായ ബെന്നി ഒളിവിലാണ്. പെൺകുട്ടിയുമായി സൗഹൃദത്തിലായ ശേഷം പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. രണ്ട് വർഷമായി പ്രതികളായ അഞ്ച് പേരും കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന കുട്ടിയെ ബന്ധുക്കൾ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കിടങ്ങൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ബെന്നിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എല്ലാ പ്രതികൾക്കുമെതിരെ പോക്‌സോ
ചുമത്തിയിട്ടുണ്ട്. ക്രൂരമായ പീഡനത്തിന് ചുമത്തുന്ന വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top