സോഷ്യൽ മീഡിയയിൽ തരംഗമായി കുട്ടിക്കുറുമ്പന്മാരുടെ ‘കൊതിയൻ’

ബഹ്‌റൈൻ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മയിൽ പിറന്ന ഷോർട്ട് ഫിലിം ‘കൊതിയൻ’ യൂട്യൂബിൽ തരംഗമാവുന്നു. പത്തോളം പ്രവാസി കുട്ടികൾ കഥാപാത്രങ്ങളായി നിറഞ്ഞാടിയ 40 മിനിറ്റ് ദൈഘ്യമുള്ള ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ എട്ടോളം ദേശീയ, രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞു.

കുട്ടികളുടെ മനോഹരമായ പ്രകടനം തന്നെയാണ് കാഴ്ചക്കാരെ രസിപ്പിക്കുന്നതെങ്കിലും ഗൗരവമേറിയ വിഷയമാണ് ഈ കൊച്ചു ചിത്രം കൈകാര്യം ചെയ്യുന്നത്. കോൺവെക്‌സ് മീഡിയ ബഹ്‌റൈന്റെ സഹകരണത്തോടെ ബഹ്‌റൈൻ പ്രവാസിയും ആനിമേറ്ററുമായ അരുൺ പോൾ എഴുതി സംവിധാനം ചെയ്ത ‘കൊതിയന്റെ’ സഹ നിർമാണം ബിജു ജോസഫ്, ഗോപൻ ടി ജി എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

അനന്തു എന്ന കുട്ടിക്കൊതിയന്റെ സ്വപ്നവും അത് നേടിയെടുക്കാനായി അവനോടൊപ്പം എന്തിനും തയ്യാറായി നിൽക്കുന്ന സൗഹൃദങ്ങളിലൂടെയും മുന്നേറുന്ന ഷോർട്ട് ഫിലിം കുഞ്ഞുങ്ങളും മാതാപിതാക്കളും ഒരു പോലെ ചിന്തിക്കേണ്ട കാലിക പ്രസക്തമായ വിഷയത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നുണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.

പ്രശസ്ത സിനിമാ താരം ആന്റണി വർഗീസ് വിശിഷ്ടാതിഥിയായി ഇക്കഴിഞ്ഞ ജൂണിൽ നിറഞ്ഞ സദസിന് മുന്നിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. കുട്ടികളെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിച്ച ആന്റണി ,അണിയറ പ്രവർത്തകർക്ക് ആശംസകൾ നേരുകയും ചെയ്തിരുന്നു. ഡോ. അർജുൻ ജി കൃഷ്ണ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഷിബിൻ പി സിദ്ദിക്ക്, ബിജു രാജൻ, പ്രജോദ് കൃഷ്ണ എന്നിവർ ചേർന്നാണ്. വരികൾ ഉഷാ ഗോപാൽ. അനന്ത കൃഷ്ണൻ, ഹന്ന, അഭിഷേക്, നോയൽ, നിവേദിത തുടങ്ങി പത്തോളം പ്രവാസി കുട്ടികൾ അഭിനയിച്ച ചിത്രത്തിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന അഭിനേതാക്കളായ മനോജ് മോഹൻ, സൗമ്യ കൃഷ്ണപ്രസാദ്, അച്ചു അരുൺ രാജ് എന്നിവരും വേഷമിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top