വാളയാർ കേസ്; സർക്കാർ ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷം, അട്ടിമറി ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

വാളയാർ പീഡനക്കേസിൽ സർക്കാർ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. അപ്പീൽ അടക്കം കേസിന്റെ തുടർ നടപടികൾക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിൽ അട്ടിമറികളൊന്നും ഉണ്ടായിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പ്രതിപക്ഷത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. സംഭവം നിർഭാഗ്യകരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സിബിഐ അന്വേഷണം വേണോ എന്ന കാര്യം ആലോചിക്കുമെന്നും പറഞ്ഞു.
വാളയാർ വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎയാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രതികൾക്ക് രക്ഷപ്പെടാൻ സഹായിക്കുന്ന രീതിയിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ബോധപൂർവമായ ശ്രമങ്ങളുണ്ടായെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. അന്വേഷണത്തിലെ ഗുരുതരമായ വീഴ്ച മൂലം തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. സഭ നിർത്തി വച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്നും ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. പൊലീസിന്റെ വീഴ്ച കാരണമാണ് പ്രതികൾ രക്ഷപ്പെടാൻ ഇടയായതെന്നും ഷാഫി പറമ്പിൽ നിയമസഭയിൽ പറഞ്ഞു.
കേസിൽ സർക്കാർ കോടതിയിൽ ഒരു ചുക്കും ചെയ്തില്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ശക്തമായ നടപടി മുമ്പും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ട്. ആദ്യത്തെ കുട്ടിയുടെ മരണശേഷം ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാമായിരുന്നു. മരണം ആത്മഹത്യയാക്കാൻ പൊലീസ് തിടുക്കം കാണിച്ചെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കൊന്നവരെ രക്ഷിക്കാൻ സിപിഐഎം പ്രാദേശിക നേതാക്കൾ ശ്രമിച്ചെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിച്ചുവിടുകയായിരുന്നു. വാളയാർ കേസിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് മന്ത്രി എകെ ബാലൻ നേരത്തേ പ്രതികരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here