മകളെ പീഡിപ്പിച്ചവനെ കൊലപ്പെടുത്തിയ ശങ്കരനാരായണനെ ഓർക്കുന്നുണ്ടോ ?

ഓരോ പീഡനവാർത്ത കേട്ടറിയുമ്പോഴും നമ്മിൽ ചിലരെങ്കിലും ഓർക്കുന്നത് ശങ്കരനാരായണനെയാണ്. രക്തം ഉറഞ്ഞ് പോകുന്ന ക്രൂരതകൾ കൺമുമ്പിൽ നടക്കുമ്പോൾ അറിയാതെ മനസ്സ് മന്ത്രിക്കും ‘ശങ്കരനാരായണനായിരുന്നു ശരി’ എന്ന്. ഓർക്കുന്നില്ലേ ശങ്കരനാരായണനെ ?സ്വന്തം മകളെ പീഡിപ്പിച്ചവനെ കൊലപ്പെടുത്തിയ അച്ഛൻ.
മലപ്പുറം മഞ്ചേരി സ്വദേശിയാണ് ശങ്കരനാരായണൻ. ശങ്കരനാരായണന് മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. രണ്ട് ആണും, ഒരു പെൺകുട്ടിയും. പതിമൂന്നാം വയസിലാണ് പെൺകുട്ടി അതിദാരുണമായി പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. 2001 ഫെബ്രുവരി 9ന്.
സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മേൽ മുഹമ്മദ് കോയ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് മുഹമ്മദ് കോയ പിടിയിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. പക്ഷേ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് പിന്നീട് കേരളം കേട്ടറിഞ്ഞത്.
2002 ജൂലൈ 27നാണ് മുഹമ്മദ് കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ട് പേരെയും ജീവപര്യന്തം ശിക്ഷിച്ചുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.
ഇന്ന് വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികൾ സമൂഹമധ്യത്തിലൂടെ ഇറങ്ങി നടക്കുമ്പോൾ നീതിദേവദതയാൽ നീതി നിഷേധിക്കപ്പെട്ടത് ആ പെൺകുട്ടികൾക്കോ അവരുടെ മാതാപിതാക്കൾക്കോ മാത്രമല്ല, മറിച്ച് ഓരോ പെൺകുട്ടികൾക്കുമാണ്.. പെൺമക്കളുള്ള ഓരോ മാതാപിതാക്കൾക്കുമാണ്…ഈ നീതിനിഷേധം കണ്ട് ഉള്ളുപിടഞ്ഞ് ചിലരെങ്കിലും പറയുന്നുണ്ടാകും’ശങ്കരനാരായണനായിരുന്നു ശരി’ എന്ന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here