കൂടത്തായി കൊലപാതകം; ഭൂമിയിടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു

കൂടത്തായി കൂട്ടക്കൊലക്കേസ് വിഷയത്തിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. എത്രയും വേഗം റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കളക്ടർ സാംബശിവ റാവു പറഞ്ഞു. അതിനിടെ വ്യാജ ഒസ്യത്ത് കേസിൽ ജോളിയുടെ ബന്ധുക്കൾക്കും പങ്കുള്ളതായി സൂചനയുണ്ട്. കൂടാതെ ജോളിയുടെ സാമ്പത്തിക ഇടപാടുകൾ അറിയാൻ അന്വേഷണ സംഘം കൂടത്തായിലെ ബാങ്കുകളിൽ പരിശോധന നടത്തി.
കൂടത്തായി കൊലക്കേസ് പ്രതി ജോളിജോസഫിന് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ റവന്യൂ ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തിൽ നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോർട്ടാണ് കളക്ടർക്ക് സമർപ്പിച്ചത്. പൊലീസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ ഈ റിപ്പോർട്ട് റവന്യൂമന്ത്രിക്ക് സമർപ്പിക്കും. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളക്ടർ പറഞ്ഞു.
Read Also : കൂടത്തായി; റോയിയുടെ മരണ ശേഷം സ്വത്ത് കൈക്കലാക്കാൻ നിർദേശിച്ചത് അച്ഛൻ; അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും
മൊഴികളിലെ വൈരുദ്ധ്യം കാരണം ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസനെ വടകര റൂറൽ എസ്പി ഓഫീസിൽ ചോദ്യം ചെയ്തു വരികയാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും റവന്യൂ ഉദ്യോഗസ്ഥർക്ക് പുറമേ ജോളിയുടെ ബന്ധുക്കളിലേക്കുമാണ് വ്യാജ ഒസ്യത്തിന്റെ അന്വേഷണം നീളുന്നത്. ജോളിയുടെ അച്ഛനെ കൂടാതെ കട്ടപ്പനയിലെ സഹോദരീ ഭർത്താവും സഹോദരനും കേസിൽ നിർണായക പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. വടകരയിലെ റൂറൽ എസ് പി ഓഫീസിൽ വച്ച് അന്വേഷസംഘം ഇവരെ ചോദ്യംചെയ്തു. കേസിൽ വൈകാതെ കൂടുതൽ അറസ്റ്റും ഉണ്ടായേക്കും.
അതിനിടെ ജോളിക്ക് അക്കൗണ്ടുള്ള ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ കൂടത്തായി ശാഖയിലും ഐസിഐസിഐ ബാങ്കിന്റെ താമരശ്ശേരി ശാഖയിലും അന്വേഷണ സംഘം പരിശോധന നടത്തി. ജോളിയുടെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. സിലി വധക്കേസിൽ ജോളി സമർപ്പിച്ച ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. കൂടാതെ അൽഫൈൻ വധക്കേസിൽ അറസ്റ്റിലായ ജോളിയുടെ കസ്റ്റഡി അപേക്ഷയും നാളെ സമർപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here