തെരഞ്ഞെടുപ്പ് പരാജയം: യുഡിഎഫ് യോഗത്തില്‍ വിമര്‍ശനവുമായി ഘടകകക്ഷികള്‍

തെരഞ്ഞെടുപ്പ് പരാജയത്തില്‍ യുഡിഎഫ് യോഗത്തില്‍ വിമര്‍ശനവുമായി ഘടകകക്ഷികള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും തര്‍ക്കങ്ങളുമാണ് തിരിച്ചടിക്ക് കാരണമെന്ന് മുസ്‌ലിംലീഗും പാലായില്‍ നിന്ന് യുഡിഎഫ് പാഠം പഠിച്ചില്ലെന്ന് ആര്‍എസ്പിയും വിമര്‍ശനമുന്നയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുള്‍പ്പെടെ വിശദചര്‍ച്ചകള്‍ക്കായി നവംബര്‍ 15 ന് ഏകദിന സമ്പൂര്‍ണ യുഡിഎഫ് ചേരാനും മുന്നണിയോഗത്തില്‍ തീരുമാനമായി.
മുന്നണിയിലെയും പാര്‍ട്ടികളിലെയും ആഭ്യന്തര പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് പരസ്യ വിമര്‍ശനമുന്നയിച്ച മുസ്‌ലീംലീഗ് മുന്നണിയോഗത്തിലും നിലപാട് ആവര്‍ത്തിച്ചു. തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടപ്പിലാക്കിയ മണ്ഡലങ്ങളില്‍ വിജയിക്കാനായി. എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചകളും അപാകതകളുമുണ്ടായ മണ്ഡലത്തിലാണ് തിരിച്ചടി നേരിട്ടതെന്നും മുസ്‌ലിംലീഗ് യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു.
പാലായില്‍ നിന്ന് പാഠം പഠിക്കാത്തതാണ് വട്ടിയൂര്‍ക്കാവിലും കോന്നിയിലും കനത്ത തിരിച്ചടിക്ക് കാരണമായതെന്ന് ആര്‍എസ്പിയും കുറ്റപ്പെടുത്തി. മുന്നണിയുടെ ഭാഗത്ത് വീഴ്ചകളും പാളിച്ചകളും ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയ നേതൃത്വം, വിഷയത്തില്‍ വിശദ ചര്‍ച്ച നടത്താനും തീരുമാനിച്ചു.
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷം ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍, നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാനും യുഡിഎഫ് തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here