Advertisement

ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന വാർത്ത; സർക്കാർ ഐഎസ്എല്ലിനൊപ്പമെന്ന് മന്ത്രി ഇപി ജയരാജൻ

October 29, 2019
Google News 1 minute Read

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന വാർത്ത ആശങ്കയുളവാക്കുന്നുവെന്ന് കായികമന്ത്രി ഇപി ജയരാജൻ. ബ്ലാസ്റ്റേഴ്സ് അധികൃതരുമായും കൊച്ചിയില്‍ കളിനടത്തിപ്പിന്റെ ചുമതലയുള്ള മറ്റുള്ളവരുമായും ചര്‍ച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ചിലരുടെ പ്രവൃത്തികള്‍ സംസ്ഥാനത്തിനാകെ ചീത്തപ്പേരുണ്ടാക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തില്‍ ഏറെ ആരാധകരുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വിടാന്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍ കണ്ടു. കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷ വരെയുള്ള എല്ലാ കാര്യങ്ങളിലും വലിയ തടസ്സങ്ങള്‍ നേരിടുന്നതാണ് ഇതിനു കാരണമെന്ന് പറയുന്നു. കേരള കായികരംഗത്തെ സംബന്ധിച്ചും ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചും ആശങ്ക ഉളവാക്കുന്ന വാര്‍ത്തയാണിത്. ഐ എസ് എല്ലില്‍ കേരളത്തിന്റെ പ്രതിനിധിയായി ഒരു ടീം കളിക്കുന്നത് നാടിന് ഏറെ അഭിമാനം നല്‍കുന്നതാണ്. തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ഫുട്‌ബോളിന് ആവേശംപകരുന്നതുമാണ് കൊച്ചിയിലെ ഐഎസ്എല്‍ മത്സരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഐ എസ് എല്ലിനുണ്ട്. എന്നാല്‍, ഏതാനും ചിലരുടെ പ്രവൃത്തികള്‍ സംസ്ഥാനത്തിനാകെ ചീത്തപ്പേരുണ്ടാക്കുകയാണ്.

ഏറ്റവും കൂടുതല്‍ കാണികള്‍ എത്തുന്ന ഐഎസ്എല്‍ വേദിയാണ് കൊച്ചി. ലോകം ശ്രദ്ധിച്ചു തുടങ്ങിയ ഇന്ത്യയിലെ ആദ്യ പ്രെഫഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ കേരളത്തിന് നേരിട്ട് പങ്കാളികളാകാന്‍ അവസരം നല്‍കിയ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളില്‍ ഒന്നായി മാറാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സാധിച്ചു. ഐ എസ് എല്‍ അധികൃതര്‍ക്കും കൊച്ചി പ്രിയപ്പെട്ട വേദിയാണ്. എതിരാളികളായ ടീമുകളുടെ പോലും പ്രശംസ നേടിയവരാണ് മഞ്ഞപ്പടയെന്ന് അറിയപ്പെടുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.
മത്സരങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെടണം. സ്‌റ്റേഡിയത്തില്‍ എത്തുന്ന കാണികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി കളി ആസ്വദിക്കാനും കഴിയണം. ഐഎസ്എല്‍ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ആവശ്യമായ ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. ഇതിനായി ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുമായും കൊച്ചിയില്‍ കളിനടത്തിപ്പിന്റെ ചുമതലയുള്ള മറ്റുള്ളവരുമായും ചര്‍ച്ച നടത്തും. കളിയെയും കളിക്കാരെയും കാണികളെയും ഒരുപോലെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉന്നതമായ കായികപാരമ്പര്യമാണ് കേരളത്തിന്റേത്. കായികരംഗത്തിന്റെ ഉന്നമനവും പ്രോത്സാഹനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം.

നേരത്തെ, അമിതമായ വിനോദ നികുതിയും കനത്ത സംഭാവനയും കോംപ്ലിമെൻ്ററി പാസുകൾ കൂടുതൽ ചോദിച്ചതുമാണ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന വാർത്തകളുടെ ആധാരമായി വന്നിരുന്നത്. ഇന്ത്യയിൽ മറ്റൊരു സ്റ്റേഡിയങ്ങളിലൊന്നും ഇല്ലാത്ത നികുതിയാണ് കൊച്ചി സ്റ്റേഡിയം വാങ്ങുന്നതെന്നും അത് താങ്ങാൻ കഴിയാത്തതാണെന്നുമാണ് വിഷയത്തിൽ ക്ലബിൻ്റെ പ്രതികരണം. താൻ സംഭാവന ചോദിച്ചത് സിഎസ്ആർ ഫണ്ടിലേക്കാണെന്നാണ് മേയർ സൗമിനി ജയൻ പറയുന്നു. അർബുദ-വൃക്ക രോഗികളെ സഹായിക്കാനുള്ള ഫണ്ടിൽ പണമടയ്ക്കാനാണ് പണം ചോദിച്ചത്. എന്നാൽ പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ വിനോദ നികുതി ഏർപ്പെടുത്തുമെന്ന് മേയർ പറഞ്ഞുവെന്ന് ബ്ലാസ്റ്റേഴ്‌സ് ആരോപിക്കുന്നു.

ഇതോടൊപ്പം കോംപ്ലിമെൻ്ററി പാസുകളുടെ എണ്ണക്കൂടുതലും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു. അമ്പതിനായിരം സീറ്റിലെ നാലിലൊന്നും കോംപ്ലിമെൻ്ററി പാസുകളായി നൽകേണ്ടി വരുന്നു. ജി.സി.ഡി.എ., കോർപ്പറേഷൻ, പോലീസ്, സ്പോർട്‌സ് കൗൺസിൽ, കേരള ഫുട്‌ബോൾ അസോസിയേഷൻ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവർക്കെല്ലാം ടിക്കറ്റുകൾ സൗജന്യമായി നൽകേണ്ടി വരുന്നു എന്നാണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here