മാഴ്സലീഞ്ഞോ രക്ഷകനായി; ആദ്യ പകുതിയിൽ ഒപ്പം പിടിച്ച് ഹൈദരാബാദ്

ജംഷഡ്പൂർ-ഹൈദരാബാദ് മത്സരം ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ഓരോ ഗോളുകൾ വീതമടിച്ചാണ് ഇരു ടീമുകളും സമനില പാലിക്കുന്നത്. ജംഷഡ്പൂരിനായി ഫറൂഖ് ചൗധരിയും ഹൈദരാബാദിനായി മാഴ്സലെഞ്ഞോയുമാണ് ഗോളുകൾ നേടിയത്.
മത്സരത്തിൽ ജംഷഡ്പൂരിനു തന്നെയായിരുന്നു ആധിപത്യം. പലപ്പോഴും ഫൈനൽ തേർഡിൽ കാലിടറിയതാണ് ജംഷഡ്പൂർ എഫ്സിക്ക് തിരിച്ചടിയായത്. ഒട്ടേറെ ചാൻസുകൾ ക്രിയേറ്റ് ചെയ്തങ്കിലും അത് ഗോളാക്കാൻ അവർക്ക് സാധിച്ചില്ല. അതേ സമയം, കഴിഞ്ഞ മത്സരത്തിലെ കനത്ത തോൽവിയിൽ നിന്ന് ഹൈദരാബാദ് എഫ്സി പൂർണമായി അവർ മുക്തരായിട്ടില്ലെന്നും കളി തെളിയിച്ചു. 34ആം മിനിട്ടിലാണ് കളിയിലെ ആദ്യ ഗോൾ പിറന്നത്. പിറ്റിയുടെ പവർഫുൾ ഷോട്ട് ഗോൾ കീപ്പർ തട്ടി അകറ്റിയെങ്കിലും പന്ത് ഫറൂഖ് ചൗധരിയുടെ കാൽക്കലാണ് വീണത്. അത് അനായാസം ഫറൂഖ് വലയ്ക്കുള്ളിലാക്കി.
കളിയുടെ ഒഴുക്കിനനുസരിച്ച് വീണ ഗോളോടെ ഹൈദരാബാദ് ഒന്ന് ഉണർന്നതു പോലെ തോന്നി. പക്ഷേ, അതൊന്നും ബോക്സിൽ എത്തിയില്ല. ജംഷഡ്പൂരിൻ്റെ ലീഡിൽ ആദ്യ പകുതി അവസനിക്കുമെന്ന് കരുതിയിരിക്കെ ഹൈദരാബാദിൻ്റെ സ്റ്റാർ പ്ലയർ മാഴ്സലീഞ്ഞോ അവരുടെ രക്ഷക്കെത്തി. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ രോഹിത് കുമാറിൽ നിന്ന് പന്ത് സ്വീകരിച്ച മാഴ്സലീഞ്ഞോ ഒരു ഡിഫൻഡറെ അനായാസം മറികടന്ന് ബോക്സിനുള്ളിലെത്തി. ആംഗിൾ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ച ഡിഫൻഡറെ മറികടന്ന ഷോട്ട് ഗോൾ കീപ്പർ സുബ്രതാ പാലിൻ്റെ കൈകളിൽ സ്പർശിച്ച് വല തുളച്ചു. സ്കോർ സമാസമം. 46ആം മിനിട്ടിൽ നേടിയ ഗോൾ കളിയുടെ സമവാക്യം തന്നെ മാറിമറിച്ചു. ഏറെ വൈകാതെ ആദ്യ പകുതിക്ക് വിസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here