വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് നരേന്ദ്രമോദി

വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പ്രസംഗിക്കവേയാണ് മോദി നിക്ഷേപകരെ സ്വാഗതം ചെയ്തത്. നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ മണ്ണാണ് ഇന്ത്യയുടേതെന്നും മോദി പറഞ്ഞു.

റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവില്‍ ‘വാട്ട് ഇസ് നെക്സ്റ്റ് ഫോര്‍ ഇന്ത്യ’ എന്ന സെഷനിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇന്ത്യയും സൌദിയും തമ്മിലുള്ള ബന്ധത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും ഈ ബന്ധം കൂടുതല്‍ മെച്ചപ്പെടുകയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ലോകത്ത് അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിന് വിപുലമായ സാധ്യതകളുള്ള ഇന്ത്യയിലേക്ക് മോദി വ്യവസായികളെ ക്ഷണിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടു വലിയ തോതിലുള്ള നിക്ഷേപസാധ്യതകള്‍ ഇന്ത്യയിലുണ്ട്. 4 വര്‍ഷത്തിനുള്ളില്‍ 400 മില്ല്യണ്‍ വിദഗ്ധ തൊഴിലാളികള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ കഴിവും കഠിനാധ്വാനവുമുള്ള യുവാക്കള്‍ നിക്ഷേപകര്‍ക്ക് മുതല്‍ക്കൂട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രസംഗത്തിന് ശേഷം വിഷയ സംബന്ധമായ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞു. അമേരിക്കയിലെ ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്സ് സ്ഥാപകന്‍ റേ ഡാലിയോ ആയിരുന്നു മോഡറേറ്റര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top