താനൂർ കൊലപാതകം; കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് വാളുകൾ പൊലീസ് കണ്ടെടുത്തു

താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. രണ്ട് വാളുകളാണ് പൊലീസ് കണ്ടെടുത്തത്. ആയുധങ്ങൾ പ്രതികൾ തന്നെയാണ് പൊലീസിന് കാണിച്ചു കൊടുത്തത്.

അഞ്ചുടി സ്വദേശികളായ മുഫീസ്, മഷ്ഹൂദ്, താഹാ എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് മുഫീസും മഷ്ഹൂദും. ഇവർക്ക് സഹായം നൽകിയ കുറ്റത്തിനാണ് താഹയെ അറസ്റ്റ് ചെയ്തത്. കേസിൽ ഇനിയും ആറ് പേരെ പിടികൂടാനുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ ഇസ്ഹാഖ് കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി ആയിരുന്നു ആക്രമണം. കൊലയ്ക്ക് പിന്നിൽ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് പ്രവർത്തകർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഗൂഢാലോചനയിൽ സിപിഐഎം നേതാവ് പി ജയരാജന് പങ്കുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top