ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി പാർട്ണർ റയോർ സ്പോർട്സ് ഓർഡർ ചെയ്ത ജേഴ്സികൾ ആരാധകർക്ക് എത്തിച്ചു നൽകുന്നില്ലെന്ന് ആരോപണം

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക ജേഴ്സി പാർട്ണർമാരാണ് റയോർ സ്പോർട്സ്. അനുകരണങ്ങൾ ഒഴിവാക്കാൻ വിലക്കുറവിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഒഫീഷ്യൽ റെപ്ലിക്കയും ഫാൻ ജേഴ്സിയും ലഭ്യമാക്കുമെന്നാണ് റയോർ സ്പോർട്സ് പറഞ്ഞിരുന്നത്. ലുലു മാളിൽ നടന്ന കിറ്റ് പ്രസൻ്റേഷൻ ചടങ്ങിൽ റിയോർ സ്പോർട്സ് മാനേജിംഗ് ഡയറക്ടർ ഭാഗേഷ് കോട്ടെക് ഇക്കാര്യമാണ് ഊന്നിപ്പറഞ്ഞത്. എന്നാൽ ഓർഡർ ചെയുന്നവർക്കൊന്നും ജേഴ്സി ലഭിക്കുന്നില്ലെന്നും കൊറിയർ ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ടെന്നുമാണ് ആരാധകർ പറയുന്നത്. പരാതികൾക്ക് തൃപ്തികരമായ മറുപടിയല്ല റയോർ സ്പോർട്സ് നൽകുന്നതെന്നും അവർ പറയുന്നു.
ഓർഡർ ചെയ്ത ജേഴ്സികൾ ലഭിക്കാൻ കാലതാമസം നേരിടുന്നു എന്ന് മാത്രമല്ല, ജേഴ്സി ട്രാക്ക് ചെയ്യാൻ പോലും സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ പരാതി. ചിലർക്ക് ഓർഡർ ചെയ്ത സൈസ് ജേഴ്സിയല്ല ലഭിച്ചതെന്നും ആരോപണമുണ്ട്. സൈറ്റിലെ കോണ്ടാക്ട് നമ്പർ വിളിച്ചിട്ട് അത് സ്വിച്ച്ഡ് ഓഫ് ആണെന്നും വാട്സപ്പ് നമ്പരും ഇ-മെയിൽ ഐഡിയും തെറ്റാണെന്നും ആരാധകർ പറയുന്നു.
റയോർ സ്പോർട്സിൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ വിഷയം ചൂണ്ടിക്കാട്ടി മെസേജ് ചെയ്ത ആരാധകനോട് മോശമായ രീതിയിലാണ് പ്രതികരണം.
അതേ സമയം, ഒരുപാട് ഓർഡറുകൾ വരുന്നതാണ് കാലതാമസത്തിനു കാരണമാകുന്നതെന്ന് റയോർ സ്പോർട്സ് പറയുന്നു. കസ്റ്റമൈസ്ഡ് ജേഴ്സികൾ ലഭിക്കാനും അയക്കാനും കാലതാമസം ഉണ്ടാകുമെന്നും പ്ലെയിൻ ജേഴ്സികൾ വേഗം കയറ്റി അയക്കാറുണ്ടെന്നും അവർ വിശദീകരിക്കുന്നു. ദിവസവും 100 പാക്കറ്റുകളാണ് തങ്ങൾ കയറ്റി അയക്കുന്നതെന്നും ഓർഡർ ചെയ്ത് 15 മുതൽ 25 ദിവസങ്ങൾക്കുള്ളിൽ ജേഴ്സി ലഭിക്കുമെന്നും റയോർ സ്പോർട്സ് അധികൃതർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here