ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവം; സംഘാടകരുടെ അറസ്റ്റ് ഉടനുണ്ടാകും

പാലായിൽ സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംഘാടകരുടെ അറസ്റ്റ് ഉടനുണ്ടാകും. ഹാമർ – ജാവലിൻ ത്രോ മത്സരങ്ങൾ ഒരേ സമയം നടത്തിയതാണ് അപകട കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കായിക അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
അപകടം നടന്ന് ഇരുപത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ അഫീൽ ജോൺസന്റെ ബന്ധുക്കൾ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കുട്ടിയുടെ മരണ ശേഷവും ഉത്തരവാദികളായ സംഘാടകരെ സംരക്ഷിക്കാനാണ് പൊലീസ് നീക്കമെന്നും ആരോപണമുയർന്നു. ഇതിനു പിന്നാലെയാണ് മത്സരങ്ങളുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നവരെ പൊലീസ് വിളിച്ചു വരുത്തുന്നത്. കോഴിക്കോട് മലപ്പുറം സ്വദേശികളായ ജോസഫ്, നാരായണൻകുട്ടി, കാസിം, മാർട്ടിൻ എന്നിവരുടെ പേരുകൾ എഫ്ഐആറിൽ എഴുതിച്ചേർത്തു. ഇവരെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം നൽകാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
എന്നാൽ, വിവാദം ഉണ്ടായ സാഹചര്യത്തിൽ അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം. ഇതിനിടെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here