ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ

പാകിസ്താനും പാക് സേനയും കശ്മീരിൽ ഭീകരവാദം വളർത്തുകയാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തോട് ഇന്ത്യൻ സൈന്യം. ശ്രീനഗറിലെ കരസേനാ ക്യാമ്പിലെത്തിയ ഇരുപത്തിയേഴ് അംഗ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തോടാണ് സൈന്യം കശ്മീരിലെ സ്ഥിതിഗതികൾ വിശദീകരിച്ചത്.
അതേസമയം, ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
ശ്രീനഗറിലെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം ലഫ്റ്റനന്റ് ജനറൽ കെജെഎസ് ധില്ലനുമായി കൂടിക്കാഴ്ച നടത്തി. പാകിസ്താൻ ജമ്മുകശ്മീരിൽ ഭീകരത ഊട്ടിവളർത്താൻ ശ്രമിക്കുകയാണെന്നും ഇതിനായി പരിശീലനം നൽകിയ ഭീകരരെ കശ്മീരിലേക്ക് അയക്കുന്നുവെന്നും സൈനിക പ്രതിനിധി, സംഘത്തെ അറിയിച്ചു. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം വ്യാപകമാണ്. കശ്മീരിന്റെ സമാധാനാന്തരീക്ഷം മോശമാക്കാൻ പാകിസ്താൻ നിരന്തരം ശ്രമിക്കുന്നുവെന്നും സൈന്യം അറിയിച്ചു.
ജമ്മുകശ്മീരിന്റെ വിവിധ മേഖലകൾ സന്ദർശിച്ച പ്രതിനിധി സംഘം, ദാൽ തടാകത്തിൽ ബോട്ട് സവാരിയും നടത്തി. എന്നാൽ, സ്വന്തം രാജ്യത്തെ ജനപ്രതിനിധികൾക്ക് കശ്മീർ സന്ദർശനത്തിന് അനുമതി നൽകാത്ത കേന്ദ്രസർക്കാർ, വിദേശ സംഘത്തിന് അനുമതി നൽകിയതിനെ പ്രതിപക്ഷം വിമർശിച്ചു. പ്രതിനിധി സംഘത്തിന്റേത് വിനോദ സഞ്ചാരം മാത്രമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം, ജമ്മുകശ്മീർ സന്ദർശിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും പ്രതിനിധി സംഘത്തിൽ തനിക്ക് ഇടം നൽകിയില്ലെന്ന് യുകെ എംപി ക്രിസ് ഡേവിസ് ഒരു ഇംഗ്ലീഷ് ചാനലിനോട് വെളിപ്പെടുത്തി. സൈന്യത്തിന്റെ സാന്നിധ്യമില്ലാതെ സന്ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒഴിവാക്കിയതെന്നും ക്രിസ് ഡേവിസ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here