വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്

വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കേസിലെ അട്ടിമറികൾ വ്യക്തമാക്കുന്ന കുറ്റപത്രവും മൊഴിപ്പകർപ്പും ട്വൻറിഫോറിന് ലഭിച്ചു.
വീട്ടിലും വല്യമ്മയുടെ വീട്ടിലും വെച്ച് മൂത്ത കുട്ടിക്ക് പീഡനമേൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്. മകൾക്ക് നേരെ പീഡനം നടന്നതായുള്ള അമ്മയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പീഡന വിവരം കുട്ടി മരിക്കുന്നതിന് മുമ്പേ അറിയാം എന്നാണ് മൊഴി. പീഡനത്തിൽ നിന്നും രക്ഷ നേടാൻ മറ്റു മാർഗങ്ങൾ ഇല്ലാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നും അമ്മയുടെ മൊഴിയിലുണ്ട്.
പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടുവെന്നാണ് രണ്ടാനച്ഛൻ നൽകിയ മൊഴി.
ആദ്യം മരിച്ച 13 വയസുകാരിയുടെ മരണത്തക്കുറിച്ച് ഇളയകുട്ടി നൽകിയ മൊഴി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെൺകുട്ടിയുടെ വെളിപ്പെടുത്തലും കുറ്റപത്രത്തിലില്ല. എന്നാൽ 2017 ജനുവരി 13 ന് മരണം നടക്കുന്നത് വരെ പെൺകുട്ടിക്ക് പീഡനമേൽക്കേണ്ടിവന്നതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്.
മൂത്ത പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഏഴ് പേരാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കേസിലാകെ ഉള്ളത് 57 സാക്ഷികളാണ്. ഇതിൽ പത്ത് പേർ പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം പോകാറുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്.
മൂത്ത പെൺകുട്ടി മരിക്കുന്നതിന് മുൻപ് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അസിസ്റ്റൻറ് സർജൻ ഡോക്ടർ പ്രിയതയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here