ഷാക്കിബിന്റെ വിലക്ക്; ഐസിസിയുടെ ഫേസ്ബുക്ക് പേജിൽ ബംഗ്ലാദേശ് ആരാധകരുടെ പ്രതിഷേധം

ഷാക്കിബ് അൽ ഹസനെ ക്രിക്കറ്റിൽ നിന്ന് വിലക്കിയ ഐസിസിയുടെ നടപടിക്കെതിരെ ബംഗ്ലാദേശ് ആരാധകരുടെ പ്രതിഷേധം. ഐസിസിയുടെ ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധം അരങ്ങേറുന്നത്. പേജിലെ പോസ്റ്റുകളിൽ കമൻ്റുകളായി അവർ ഐസിസി നടപടിക്കെതിരായ പ്രതിഷേധം അറിയിക്കുകയാണ്.
ഷാക്കിബ് അൽ ഹസൻ്റെ വിലക്ക് നീക്കി അദ്ദേഹത്തെ വീണ്ടും കളിക്കാൻ അനുവദിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. വിലക്കിനു പിന്നിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആണെന്നും ചിലർ ആരോപിക്കുന്നു. അനുമതിയില്ലാതെ ടെലികോം കമ്പനിയുമായി കരാർ ഒപ്പിട്ടതും വേതനത്തർക്കത്തെത്തുടർന്ന് സമരത്തിലേർപ്പെട്ടതും ബോർഡിൻ്റെ അപ്രീതിക്ക് കാരണമായെന്നാണ് ഇവർ പറയുന്നത്. ഐസിസിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെടുന്ന 2020 ടി-20 ലോകകപ്പ് ക്വാളിഫയർ മത്സരങ്ങളുടെ അപ്ഡേറ്റുകളിലെല്ലാം പ്രതിഷേധം നിറയുകയാണ്. പോസ്റ്റുകളിൽ ആംഗ്രി ഇമോജിയിട്ടും ചിലർ പ്രതിഷേധം അറിയിക്കുന്നു.
ഒരു വർഷത്തേക്കാണ് ഐസിസി ഷാക്കിബിനെ വിലക്കിയത്. വാതുവെപ്പ് ഏജൻ്റുമാർ പലതവണ സമീപിച്ചിട്ടും അത് റിപ്പോർട്ട് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഐസിസി അഴിമതി വിരുദ്ധ സമിതി ഷാക്കിബിനെ വിലക്കിയത്. രണ്ട് വർഷത്തെ വിലക്കായിരുന്നു ഉണ്ടായിരുന്നതെങ്കിലും അത് ഒരു വർഷമാക്കി ഐസിസി ചുരുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here