തെളിവില്ല; പെഹ്‌ലു ഖാനെതിരായ പശുക്കടത്ത് കേസ് ഹൈക്കോടതി റദ്ദാക്കി

രാജസ്ഥാനിൽ ഗോരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാനെതിരെ പശുക്കടത്ത് ആരോപിച്ച് റജിസ്റ്റർ ചെയ്ത കേസ് രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കി. കശാപ്പിനായി പശുക്കളെ കടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. പെഹ്‌ലു ഖാനെതിരെ കേസെടുത്തത് വൻ വിവാദമായിരുന്നു. പെഹ്‌ലു ഖാനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയും കഴിഞ്ഞ ഓഗസ്റ്റിൽ ആൾവാർ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. ഇതും വലിയ വിവാദമായി.
2017 എപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ജയ്പുരിലെ ചന്തയിൽ നിന്ന് വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദേശീയ പാതയിൽ തടഞ്ഞ് നിർത്തി പെഹ്‌ലു ഖാനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽവച്ച് അദ്ദേഹം മരിക്കുകയായിരുന്നു.
പെഹ്‌ലുഖാനെ ആൾക്കൂട്ടം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയത്. എന്നാൽ സംശയത്തിൻ്റെ ആനുകൂല്യത്തിൽ ആറ് പ്രതികളെയും രാജസ്ഥാനിലെ ആൾവാർ വിചാരണ കോടതി വെറുതെ വിട്ടു. ഓഗസ്റ്റ് 14നാണ് പ്രതികളെ വെറുതെ വിട്ടത്. അതേ സമയം, കേസ് ബിജെപി സർക്കാർ അട്ടിമറിച്ചതാണെന്നും പ്രത്യേക സംഘം അന്വേഷിക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here