രാഷ്ട്രീയമായി ആര്‍ക്കൊപ്പവും പോകാന്‍ താല്‍പ്പര്യമില്ല; വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ

രാഷ്ട്രീയമായി ആര്‍ക്കൊപ്പവും പോകാന്‍ താല്‍പ്പര്യമില്ലെന്ന് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു. മക്കള്‍ക്ക് നീതി കിട്ടണം. എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. പ്രതികള്‍ ശിക്ഷ കിട്ടാതെ പുറത്തിറങ്ങിയപ്പോള്‍ പാര്‍ട്ടി പിന്തുണ കിട്ടിയതായി സംശയിച്ചു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും പ്രോസിക്യൂഷന്‍ കേസ് പഠിപ്പിച്ചു തന്നില്ലെന്നും അമ്മ പറഞ്ഞു.
അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസില്‍ പ്രോസിക്യൂഷന്‍ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് കോടതി വിധി വന്നിരിക്കുന്നത്. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ പൊലീസ് അന്വേഷണത്തിലെ പാളിച്ചകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഹാജരാക്കിയ സാക്ഷികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത കോടതി സാഹചര്യത്തെളിവുകള്‍ മുഖവിലയ്ക്ക് എടുക്കാന്‍ കഴിയുന്നതല്ലെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ട കേസാണ് ഇതെന്ന് കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളോ നിലനില്‍ക്കുന്ന സാക്ഷിമൊഴികളോ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണ്. പൊലീസ് കെട്ടിച്ചമച്ച സാക്ഷികളാകാന്‍ സാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here