മധ്യപ്രദേശിലെ സ്‌കൂളുകളിൽ ഉച്ച ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിനെതിരെ ബിജെപി രംഗത്ത്

മധ്യപ്രദേശിലെ സ്‌കൂളുകളിൽ ഉച്ച ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിനെതിരെ ബിജെപി. സർക്കാറിന്റെ ഈ നടപടി സസ്യാഹാരം മാത്രം കഴിക്കുന്ന വിഭാഗത്തിൽപ്പെടുന്നവരുടെ മതവികാരത്തെയും സംസ്‌കാരത്തെയും ബാധിക്കുമെന്ന് ബിജെപി ആരോപിക്കുന്നു.
മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാറിന്റെ കാലത്താണ് ഉച്ച ഭക്ഷണ പദ്ധതിയിൽ നിന്ന് മുട്ട ഒഴിവാക്കുന്നത്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാറിന്റെ കാലത്താണ് ഉച്ച ഭക്ഷണ പദ്ധതിയിൽ നിന്ന് മുട്ട ഒഴിവാക്കുന്നത്. എന്നാൽ, അഞ്ചു വയസിന് താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് മധ്യപ്രദേശിൽ 42 ശതമാനത്തിന് മുകളിലായതോടെ വനിത- ശിശു വികസന വകുപ്പ് ഈ മാസം മുതൽ ഉച്ച ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ പോഷകാഹാരക്കുറവ് നിയന്ത്രിക്കുന്നതിന്, നവംബർ മുതൽ അങ്കണവാടിയിൽ നൽകുന്ന ഉച്ചഭക്ഷണത്തിൽ കുട്ടികൾക്ക് മുട്ട നൽകാനാണ് സർക്കാർ തീരുമാനം. ഇതുവഴി പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി ഇമാർതി ദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, പദ്ധതിക്കായി സംസ്ഥാന ഖജനാവിൽ നിന്ന് 500 കോടി രൂപയാണ് അധികമായി ചെലവഴിക്കേണ്ടിവരുന്നത്. ഒരു കുട്ടിക്ക് ആഴ്ചയിൽ മൂന്ന് മുട്ട എന്ന കണക്കിൽ നവംബർ മുതൽ തന്നെ പദ്ധതി ആരംഭിക്കാനാണ് സർക്കാർ തീരുമാനം.
എന്നാൽ, സർക്കാറിന്റെ ഈ തീരുമാനത്തോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ബിജെപി. സർക്കാർ അനാവശ്യ രാഷ്ട്രീയ വിവാദത്തിന് വഴിതെളിക്കുകയാണെന്നും കമൽനാഥ് സർക്കാർ തന്നെ പോഷകാഹാരക്കുറവ് നേരിടുകയാണെന്നും ബിജെപി പരിഹസിച്ചു. മാത്രമല്ല, മുൻ സർക്കാർ മുട്ടയ്ക്ക് പകരം ഉച്ച ഭക്ഷണത്തിൽ മുരിങ്ങക്ക ഉൾപ്പെടുത്തിയിരുന്നുവെന്നും ഇത് മുട്ടയെക്കാൾ പോഷക സമൃദ്ധമായ ആഹാരമാണെന്നും ഇത് മുട്ട വ്യാപാരികൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നതിനുള്ള സർക്കാറിന്റെ ഗൂഢ നീക്കമാണെന്നും ബിജെപി ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here