Advertisement

മാവോയിസ്റ്റ് കൊല; മൃതദേഹം കാണണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ക്രൈംബ്രാഞ്ച് എസ്പിക്ക് പരാതി നൽകും

October 31, 2019
0 minutes Read

പാലക്കാട് മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്ക് പരാതി നൽകും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാൽ ഇടപെടാനാകില്ലെന്ന് തൃശ്ശൂർ റേഞ്ച് ഡിഐജി വ്യക്തമാക്കിയതോടെയാണിത്. അതേസമയം, റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്.

തമിഴ്‌നാട് സ്വദേശികളായ മണിവാസകം, കാർത്തിക് എന്നിവരുടെ ബന്ധുക്കളും ചില മാവോയിസ്റ്റ് അനുകൂല സംഘടനാ നേതാക്കളുമാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ റേഞ്ച് ഡിഐജിയെ സമീപിച്ചത്.
എന്നാൽ, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാൽ ഇടപെടാനാകില്ലെന്ന് ഡിഐജി ഓഫീസ് വ്യക്തമാക്കി. വിഷയത്തിൽ പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്ക് പരാതി നൽകാനായിരുന്നു നിർദേശം. അവകാശികളില്ലാത്ത മൃതശരീരങ്ങൾ സംസ്‌കരിക്കാൻ തയ്യാറാണെന്ന് മാവോയിസ്റ്റ് അനുകൂല സംഘടനാ നേതാക്കൾ പൊലീസിനെ അറിയിച്ചു.

റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് മാവോയിസ്റ്റ് കാർത്തിയുടെ ബന്ധുക്കൾ പാലക്കാട് കോടതിയെ സമീപിച്ചിട്ടുണ്ട്. മണിവാസകത്തിന്റെ സംസ്‌കാരം തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലും ഹർജി പോയിട്ടുണ്ട്. ഇതിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാൻ പൊലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങൾ തമിഴ്‌നാട്, കർണാടക പൊലീസിന് കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഉള്ളതിനാൽ മൃതദേഹങ്ങൾ ഉടൻ വിട്ടുകൊടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top