Advertisement

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ആരംഭിക്കാനിരിക്കെ രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ടു

October 31, 2019
Google News 0 minutes Read

കേന്ദ്രസര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കില്ല. കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ടു. അപ്രതീക്ഷിതമായി വിദേശത്തേയ്ക്ക് പോയ രാഹുല്‍ ഇന്തോനേഷ്യയിലുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സൂചന.

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനമെടുത്തത് രാഹുല്‍ഗാന്ധിയുടെ കൂടി സാന്നിധ്യത്തിലായിരുന്നു. പ്രതിഷേധ പരിപാടികളുടെ മുന്നണിയില്‍ താന്‍ നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി അന്ന് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് നാളെയാണ് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കേണ്ടത്. പക്ഷേ നേതൃത്വം നല്‍കാമെന്നേറ്റ രാഹുല്‍ ഇന്നലെയാണ് വിദേശത്തേയ്ക്ക് പോയത്.

കോണ്‍ഗ്രസ് നേതൃത്വത്തെ ആകെ അമ്പരപ്പിച്ചുകൊണ്ടാണ് രാഹുല്‍ തന്റെ തീരുമാനം അറിയിച്ചത്. ധ്യാനത്തിനായി ഇന്തോനേഷ്യയിലേക്ക് പോയെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള വിവരം. രാഹുലിന്റെ അസമയത്തുള്ള വിദേശയാത്ര കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആര്‍സിഇപി കരാറിനും സാമ്പത്തികമാന്ദ്യത്തിനുമെതിരെ നവംബര്‍ ഒന്നുമുതല്‍ എട്ടുവരെ പ്രചരണം നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. 15 വരെ പ്രതിഷേധം രാജ്യത്ത് തുടരും.

പ്രക്ഷോഭത്തിന്റെ അമരത്ത് നില്‍ക്കുമെന്ന് കരുതിയ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം സമരത്തിന്റെ വീര്യം കെടുത്തുമെന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. എന്‍ഡിഎ സര്‍ക്കാരിനെതിരെ നടത്തുന്ന ആദ്യത്തെ പ്രതിഷേധ പരിപാടി ഫലം കണ്ടില്ലെങ്കില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഇത് വലിയ തിരിച്ചടിയാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയെ 15 നു മുമ്പ് രാജ്യത്ത് തിരിച്ചെത്തിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഒക്ടോബര്‍ ആദ്യം ബാങ്കോക്കിലേക്ക് പോയ രാഹുല്‍ മഹാരാഷ്ട്രാ, ഹരിയാനാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു തിരിച്ചെത്തിയത്. വിരലിലെണ്ണാവുന്ന റാലികളില്‍ മാത്രമേ അദ്ദേഹം പങ്കെടുക്കുകയും ചെയ്തുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here