വാളയാർ പീഡനക്കേസ്: ഇളയ പെൺകുട്ടിയുടെ മരണമന്വേഷിച്ചതിലും വീഴ്ചയെന്ന് കോടതി

വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണക്കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി വിധി. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ മൂന്നാം പ്രതി പ്രദീപ് കുമാറിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം.
ഒമ്പത് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിലെ മൂന്നാം പ്രതിയെ വെറുതെ വിട്ട വിധിപ്പകർപ്പാണ് പുറത്തു വന്നത്. കേസിൽ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായും പുറത്തുവന്ന കോടതി വിധി പകർപ്പിലുണ്ട്.
Read Also: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു: സിബിഐ അന്വേഷണം എതിർക്കില്ലെന്ന് പിണറായി
സാഹചര്യ തെളിവുകൾ മാത്രം ആശ്രയിച്ചാണ് പ്രോസിക്യൂഷൻ മുന്നോട്ട് പോകാൻ ശ്രമിച്ചിരുന്നത്.പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളോ നിലനിൽക്കുന്ന സാക്ഷി മൊഴികളോ ഹാജരാക്കാൻ സാധിച്ചിട്ടില്ല. സാഹചര്യ തെളിവുകളിൽ പലതും വിശ്വാസ യോഗ്യവുമല്ല.
കേസിൽ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ല. 25 സാക്ഷികളെ വിസ്തരിച്ച കേസിൽ പലരും കൂറുമാറി. ഇതിൽ സാക്ഷി മൊഴികളിൽ തന്നെ വൈരുധ്യവുമുണ്ട്.
ലൈംഗിക പീഡനം നടന്നുവന്ന പ്രോസിക്യൂഷന്റെ വാദം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ കോടതിയിൽ ഹാജരാകുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പെൺകുട്ടി പ്രതിയുടെ വീട്ടിൽ സന്ദശിച്ചിരുന്നുവെന്ന സാക്ഷി മൊഴി തെളിയിക്കാൻ പൊലീസിന് സാധിച്ചില്ലെന്നും കോടതിവിധിയിൽ വ്യക്തമാക്കുന്നുണ്ട്. 13 വയസുകാരിയുടെ മരണത്തിലും സമാന കണ്ടെത്തലുകളോട് കൂടിയായിരുന്നു പ്രദീപ് കുമാറിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here