വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു: സിബിഐ അന്വേഷണം എതിർക്കില്ലെന്ന് പിണറായി

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. നേരത്തെ അറിയിച്ചിട്ടാണിവർ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അവർ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു.

നിയമസഭാ മന്ദിരത്തിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. സിബിഐ അന്വേഷണം എതിർക്കില്ലെന്ന് പിണറായി ഉറപ്പ് നൽകി.മുഖ്യമന്ത്രി എല്ലാതരത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

സിബിഐയെ ഏൽപ്പിക്കാൻ സാങ്കേതികപരമായ പ്രശ്‌നം എന്തെന്നാൽ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വിശദീകരണം നൽകി.

കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. കേസന്വേഷണത്തിൽ പാളിച്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണമെന്നും വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് പറഞ്ഞു.

അതേ സമയം, കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും വലിയ പ്രതിഷേധമാണ് നടത്തുന്നത്. ബിജെപിയുടെ 100 ദിവസത്തെ സത്യാഗ്രഹവും നടന്നുകൊണ്ടിരിക്കുകയാണ്.

വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായെന്നാണ് വിവരം. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല.

രഹസ്യ വിചാരണാവേളയിൽപ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വർഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top