മഹാ ചുഴലിക്കാറ്റ്: കേരളത്തിൽ ജാഗ്രതാ നിർദേശങ്ങൾ പൂർണമായി പിൻവലിച്ചു

അതിശക്തി പ്രാപിച്ച മഹാ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നു. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ നാലോടെ മധ്യ കിഴക്കൻ അറബിക്കടലിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരള തീരത്ത് കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് കർശന വിലക്ക്.
സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പൂർണമായി പിൻവലിച്ചു. മഹാ ചുഴലിക്കാറ്റിനെ കുറിച്ചുള്ള അറിയിപ്പ് മുൻകൂട്ടി ലഭിച്ചതിനാൽ ലക്ഷദ്വീപിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ കഴിഞ്ഞിരുന്നതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ട്വന്റിഫോറിനോട് പറഞ്ഞു.
പ്രക്ഷുബ്ധമായ കടൽ മേഖലകളെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ള കടൽ മേഖലകളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മറ്റ് ജാഗ്രതാ നിർദേശങ്ങളൊന്നും ഇല്ല. ചുഴലിക്കാറ്റ് മണിക്കൂറിൽ 24 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നിലവിൽ 15.2°വടക്ക് അക്ഷാംശത്തിലും 70.5°കിഴക്ക് രേഖാംശത്തിലും ഗുജറാത്തിലെ വെരാവൽ തീരത്ത് നിന്ന് 640 കിമീ ദൂരത്തിലും കർണാടകയിലെ മംഗലാപുരത്ത് നിന്ന് വടക്ക്-പടിഞ്ഞാറായി 530 കിമീ ദൂരത്തിലും ഗോവയിൽ നിന്ന് തെക്ക് പടിഞ്ഞാറായി 350 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് കണക്കാക്കുന്നു.
ശക്തമായ ചുഴലിക്കാറ്റ് (വേഗത 90 കിമീ മുതൽ 117 കിമീ) അടുത്ത 24 മണിക്കൂറിൽ മധ്യ-കിഴക്കൻ അറബിക്കടലിൽ കൂടുതൽ കരുത്ത് പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി ( പരമാവധി വേഗത മണിക്കൂറിൽ 118 മുതൽ 166 കിമീ വരെ) മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here