കേരളം രൂപംകൊണ്ടിട്ട് ഇന്നേക്ക് 63 വർഷം

ഇന്ന് നവംബര്‍ ഒന്ന്. കേരള സംസ്ഥാനത്തിന്റെ 63-ാം പിറന്നാളാണിന്ന്. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. രൂപം കൊണ്ട് ആറ് പതീറ്റാണ്ടുകള്‍ക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.
1947ല്‍ ഇന്ത്യ സ്വതന്ത്രമായ ശേഷം തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോര്‍ത്തിണക്കി ഐക്യ കേരളത്തിന്റെ പിറവി. അങ്ങിനെ 1956 നവംബര്‍ ഒന്നിന് കേരളം യാഥാര്‍ത്ഥ്യമായി. രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം.
സംസ്ഥാനത്ത് നടന്ന ആദ്യ തെരഞ്ഞെടുപ്പും ലോകശ്രദ്ധയാകര്‍ഷിച്ചു. ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന ബഹുമതി ഇ.എം.എസ് സര്‍ക്കാരിന്. പിന്നീട് സംഭവബഹുലമായ ആറ് പതീറ്റാണ്ടുകാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെയാണ് കേരളം കടന്നുപോയത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതി രാജ്യത്തിന് തന്നെ മാതൃകയാണ്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണമുള്ള കേരളത്തിലേയ്ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ വര്‍ഷം തോറും ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണെത്തുന്നത്. സാംസ്കാരികം, സാഹിത്യം, ചലച്ചിത്രം, സംഗീതം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് നിരവധി പ്രതിഭകളെയാണ് രാജ്യത്തിന് കേരളം സമ്മാനിച്ചത്.
കേരളം അതിന്റെ 63-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍ തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയങ്ങളെത്തുടര്‍ന്ന് നവകേരളം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് മലയാളികള്‍. ജാതി-മത-സാമ്പത്തികഭേദമെന്യേ പ്രളയത്തെ നേരിട്ട മലയാളികളുടെ ഐക്യവും സഹജീവി സ്നേഹവും ലോകത്തിന് വേറിട്ട അനുഭവമായിരുന്നു. ആ മാതൃക തന്നെ നവകേരള നിര്‍മാണത്തിലും നമ്മുക്ക് പിന്തുടരാനാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here