സൗദിയിൽ ആഭ്യന്തര വിമാന യാത്രക്കാർക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുന്നു

സൗദിയിൽ ആഭ്യന്തര വിമാന യാത്രക്കാർക്ക് 10 റിയാൽ സർവീസ് ചാർജ് ഏർപ്പെടുത്തുന്നു. എയർപോർട്ടുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാണ് ചാർജ് ഈടാക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും.
എയർപോർട്ടുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ ഗതാഗത മന്ത്രാലയം അനുമതി നൽകിയ സാഹചര്യത്തിലാണ് ആഭ്യന്തര വിമാന യാത്രക്കാരിൽ നിന്നു 10 റിയാൽ ഈടാക്കാൻ തീരുമാനിച്ചത്. സർവീസ് ചാർജിന് പുറമെ മൂല്യ വർധിത നികുതിയും ഈടാക്കും. രണ്ടുവയസിൽ താഴെയുളള കുട്ടികൾ, വിമാന ജീവനക്കാർ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്ക് സർവീസ് ചാർജ് ബാധകമല്ല.
ടിക്കറ്റ് വിൽക്കുമ്പോൾ സർവീസ് ചാർജും വാറ്റും ഈടാക്കും. ഇത് വിമാന കമ്പനികൾ നിശ്ചിത സമയത്തിനകം അടക്കണം. എയർപോർട്ട് അഡ്മിനിസ്ട്രേഷൻ, സിവിൽ ഏവിയേഷൻ റവന്യൂ വകുപ്പ് എന്നിവ ഏകോപനം നടത്തും. രാജ്യത്തെ രണ്ട് വിമാനത്താവളങ്ങൾ ആഭ്യന്തര യാത്രക്കാർ ഉപയോഗിക്കുമ്പോൾ 5 ശതമാനം വാറ്റ് ഉൾപ്പെടെ 21 റിയാൽ അധികം നൽകണം. ടിക്കറ്റ് നിരക്കിന് ഏർപ്പെടുത്തിയിട്ടുളള നികുതിക്ക് പുറമെയാണ് ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here