കെപി രാഹുലിന് ആദ്യ ഐഎസ്എൽ ഗോൾ; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു മുന്നിൽ

ഇന്ത്യൻ സൂപ്പർ ലീഗിലെ 14ആം മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഹൈദരാബാദ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു മുന്നിൽ. മലയാളി താരം രാഹുൽ കെപിയാണ് ഗോൾ സ്കോറർ. ഒട്ടേറെ അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് തുലച്ചിരുന്നു.
മൂന്നാം മിനിട്ടിൽ തന്നെ സഹൽ-ഒഗ്ബച്ചെ കോംബോ ഹൈദരാബാദ് ബോക്സിൽ ഒരു ചലനമുണ്ടാക്കിയതിനു ശേഷം കളി തണുത്തു. മധ്യനിരയിലായി പിന്നീട് കളി. ഇരു ഭാഗത്തേക്കും പൊസിഷൻ മാറിമറിഞ്ഞപ്പോൾ ഓർമിക്കാൻ ഒരു നീക്കം പോലും ഉണ്ടായില്ല. ഡിഫൻഡർ ജിയാനി സുയിവെർലൂൺ 10ആം മിനിട്ടിൽ പരിക്കേറ്റ് പുറത്തായതോടെ അദ്ദേഹത്തിനു പകരം രാജു ഗെയ്ക്ക്‌വാദ് കളത്തിലിറങ്ങി. ഇടക്കിടെ രാഹുൽ കെപി തൊടുത്ത ലോംഗ് ഷോട്ടുകൾ കൊണ്ടാണ് കളി വിരസമാവാതിരുന്നത്. 34ആം മിനിട്ടിൽ വിരസത അകറ്റി മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. ടിപി രഹനേഷിൻ്റെ ഗോൾ കിക്ക് സ്വീകരിച്ച സഹൽ ഒന്നാം തരമൊരു ത്രൂ ബോളിലൂടെ രാഹുലിന് അവസരം നൽകി. പന്ത് ക്ലിയർ ചെയ്യാൻ ഓടിയടുത്ത ഗോളിക്ക് എത്താൻ കഴിയുനതിനു മുൻപേ യുവതാരത്തിൻ്റെ ഷോട്ട്. പന്ത് ഗോളിയെ മറികടന്ന് വലയിൽ.
ആ ഒരു ഗോളോടെ ബ്ലാസ്റ്റേഴ്സ് ഒന്ന് ഉണർന്നു. ഒഗ്ബച്ചെയുടെയും സഹലിൻ്റെയും രണ്ട് ഷോട്ടുകൾ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക്. പിന്നാലെ 42ആം മിനിട്ടിൽ മുസ്തഫ നിങ് നൽകിയ മനോഹരമായ ത്രൂ ബോൾ ഗോളാക്കി മാറ്റാൻ ഓഗ്ബച്ചെക്ക് സാധിച്ചില്ല. ഹെവി ഫസ്റ്റ് ടച്ചാണ് അദ്ദേഹത്തിനു വിനയായത്. പിന്നാലെ ആദ്യ പകുതിക്ക് വിസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here