Advertisement

കാള പെറ്റെന്നു കേൾക്കുമ്പോൾ ‘പൊങ്കാല’യിട്ട് ഫ്രസ്ട്രേഷൻ തീർക്കുന്ന മലയാളി യുവത്വങ്ങൾ

November 2, 2019
Google News 1 minute Read

‘പൊങ്കാല’യിടൽ പുതുതലമുറയുടെ വാക്കാണ്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ സമൂഹമാധ്യമത്തിൻ്റെ വാക്കാണ് പൊങ്കാലയിടൽ. ഒരു സോഷ്യൽ ഇഷ്യൂ ഉണ്ടാവുമ്പോൾ പ്രത്യക്ഷത്തിൽ എതിർ സ്ഥാനത്തു നിൽക്കുന്നയാളുടെ പ്രൊഫൈലിലും അവരുമായി ബന്ധപ്പെട്ടവരുടെ പ്രൊഫൈലിലും ചെന്ന് തെറിവിളിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പൊങ്കാലയിടൽ കൊണ്ട് ഉദ്ദേശിക്കുന്നത്. കുറേ നാളുകളായി അടക്കി വെച്ചിരിക്കുന്ന മാനസിക സമ്മർദ്ദം എവിടെയെങ്കിലും കൊണ്ടുപോയി തട്ടുക എന്ന ലക്ഷ്യം തന്നെയാണ് ഇതിനു പിന്നിൽ.

സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്നു പറഞ്ഞ മരിയ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിൽ പോയി മലയാളത്തിൽ തെറിവിളിച്ചവരാണ് മലയാളികൾ. ഈയടുത്ത് അതിൻ്റെ ഇരയായത് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനായിരുന്നു. നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടില്ലെന്നു പറഞ്ഞ അദ്ദേഹത്തെ രണ്ട് ദിവസമായി മലയാളികൾ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. മലയാളം വായിക്കാനും എഴുതാനും തനിക്കറിയില്ലെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്ന ആളാണ് അനിൽ രാധാകൃഷ്ണൻ മേനോൻ. അതൊന്നും പ്രശ്നമല്ല മലയാളികൾക്ക്. അദ്ദേഹത്തിൻ്റെ പേജിലെ ഓരോ പോസ്റ്റിനു കീഴിലും മലയാളത്തിൽ തന്നെ കേട്ടാലറയ്ക്കുന്ന തെറികളുമായി മലയാളി യുവത്വം നിറഞ്ഞു.

തീർന്നില്ല, അനിൽ രാധാകൃഷ്ണൻ മേനോൻ്റെ മകനാണ് നടൻ രജിത് മേനോൻ എന്ന വിക്കിപീഡിയ നൽകിയ ‘വിശ്വസനീയ’ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രജിതിനും കിട്ടി കൊട്ടക്കണക്കിനു തെറി. തെറികേട്ട് വലഞ്ഞ്, നിങ്ങളുദ്ദേശിക്കുന്നയാൾ താനല്ലെന്നും തൻ്റെ അച്ഛൻ അനിൽ രാധാകൃഷ്ണൻ മേനോനല്ലെന്നും രജിത് തന്നെ വെളിപ്പെടുത്തി. അതുകൊണ്ടും തീർന്നില്ല, സംവിധായകൻ്റെ അമ്മയുടെ പ്രൊഫൈലിലും ചിലർ തെറിയും പ്രതിഷേധവുമായി എത്തി. അവിടെ എത്തി നിൽക്കുന്നു മലയാളിയുടെ സഹിഷ്ണുത.

പരസ്പരം ഫാൻ ഫൈറ്റ് നടത്തലും പരസ്പര പ്രോത്സാഹനവുമൊക്കെ ഇത്തരം പൊങ്കാലയിടലുകളിൽ നടക്കുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം. പലരും ആരോഗ്യകരമായി പ്രതികരിക്കുന്നവരുണ്ടെങ്കിലും ഏറിയ പങ്കും ഫ്രസ്ട്രേഷൻ തീർക്കാനായി ചീത്ത വിളിക്കുന്നവരാണ്. നേരത്തെ സൂചിപ്പിച്ച മരിയ ഷറപ്പോവ, സുരേഷ് ഗോപിയെ പിന്തുണച്ച നടൻ ബിജു മേനോൻ, മോഹൻലാലിനെ വിമർശിച്ച് കാർട്ടൂൺ വരച്ച പെൻസിലാശാൻ, ചട്ടലംഘനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ച കളക്ടർ അനുപമ ഐഎഎസ്, കളക്ടറാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് നടി അനുപമ പരമേശ്വരൻ അങ്ങനെയങ്ങനെ ഒരുപാട് ആളുകൾ പൊങ്കാലയ്ക്ക് ഇരയായിട്ടുണ്ട്.

പാടില്ലാത്തതാണിത്. തെറിവിളിക്കുകയും വീട്ടുകാരെപ്പോലും അതിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നത് പാടില്ലാത്തതു തന്നെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here