അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്

അട്ടപ്പാടി മഞ്ചക്കണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്. പട്രോളിംഗിന് ഇറങ്ങിയ തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പാലക്കാട് ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
തിരിച്ചു നടത്തിയ വെടിവയ്പ്പിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇൻക്വസ്റ്റിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് നാലാമത്തെയാൾ കൊല്ലപ്പെട്ടത്. സുപ്രിം കോടതി മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും പൊലീസ് പറയുന്നു.
അതിനിടെ മഞ്ചക്കണ്ടി വെടിവയ്പുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു. ആത്മരക്ഷാർത്ഥമുള്ള വെടിവയ്പാണ് പൊലീസ് നടത്തിയതെന്ന് ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റാണ് ആദ്യം വെടിയുതിർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക റിപ്പോർട്ടാണ് നിലവിൽ സമർപ്പിച്ചിരിക്കുന്നത്. വിശദമായ റിപ്പോർട്ട് പിന്നീട് സമർപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here