തിസ് ഹസാരി കോടതി സംഘർഷം; ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും

ഡൽഹി തിസ് ഹസാരി കോടതി സംഘർഷം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. സ്പെഷ്യൽ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ ഉന്നതതലയോഗം വിളിച്ചുക്കൂട്ടി. അഭിഭാഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കോൺഗ്രസ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.
തിസ് ഹസാരി കോടതി വളപ്പിലെ പാർക്കിംഗിനെ ചൊല്ലി ഇന്നലെ വൈകിട്ടാണ് അഭിഭാഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഇരുപത് പൊലീസുകാർക്കും നിരവധി അഭിഭാഷകർക്കും പരുക്കേറ്റിരുന്നു. വിജയ് വർമ എന്ന അഭിഭാഷകന്റെ നെഞ്ചിന് വെടിയേറ്റെന്നും അഡ്വ. മാലികിന്റെ രണ്ട് കൈവിരലുകൾ മുറിഞ്ഞുമാറിയതായും ഡൽഹി ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി.
കോടതി വളപ്പിലെ ലോക്കപ്പ് മുറിയിൽ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, നാളെ കോടതികൾ ബഹിഷ്ക്കരിക്കാൻ ഡൽഹി ഹൈക്കോർട്ട് ബാർ അസോസിയേഷൻ ആഹ്വാനം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഭിഭാഷകർക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകുമെന്ന് ഡൽഹി ബാർ കൗൺസിൽ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here