Advertisement

കോടതി വിധിയുടെ മറവിൽ ഓർത്തഡോക്സ് വിഭാഗം പള്ളികൾ കയ്യേറുന്നു എന്നാരോപിച്ച് യാക്കോബായ വിശ്വാസികളുടെ മനുഷ്യച്ചങ്ങല

November 3, 2019
0 minutes Read

കോടതി വിധിയുടെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കോട്ടയം മണർകാടും എറണാകുളം മുളന്തുരുത്തിയിലും മനുഷ്യച്ചങ്ങല പ്രതിഷേധം. വിശ്വാസ സംരക്ഷണം എന്ന പേരിലാണ് യാക്കോബായ വിശ്വാസികൾ മനുഷ്യച്ചങ്ങല തീർത്തത്. അതേസമയം യാക്കോബായ വിഭാഗം മൃതദേഹം ഉപയോഗിച്ച് വിലപേശുകയാണെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു.

കോടതി വിധിയുടെ മറവിൽ ഓർത്തഡോക്സ് വിഭാഗം പള്ളികളും സെമിത്തേരികളും കയ്യേറുകയാണെന്നാരോപിച്ചായിരുന്നു മണർകാടും മുളന്തുരുത്തിയിലും യാക്കോബായ വിഭാഗം മനുഷ്യച്ചങ്ങല പ്രതിഷേധം സംഘടിപ്പിച്ചത്. മണർകാട് പള്ളി മുതൽ ഗാന്ധി സ്ക്വയർ വരെ പത്ത് കിലോ മീറ്റർ വിശ്വാസികൾ അണിനിരന്നു. വിവിധ കേന്ദ്രങ്ങളിൽ വിശ്വാസ സംരക്ഷണ പ്രതിജ്ഞയും പ്രതിഷേധക്കാർ ഏറ്റുചൊല്ലി. നീതി നിഷേധത്തിനെതിരെ പ്രതിരോധം തീർത്താണ് യാക്കോബായ വിഭാഗം മുളന്തുരുത്തിയിൽ മനുഷ്യ മതിൽ തീർത്തത്. മുളന്തുരുത്തി പള്ളിത്താഴം മുതൽ അഞ്ചു കിലോമീറ്റർ ആയിരത്തോളം വിശ്വാസികൾ അണിനിരന്നു. മലബാർ ഭദ്രസനാധിപൻ സക്കറിയ മാർ പോളികോർപ്പസ് വിശ്വാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും മനുഷ്യച്ചങ്ങലയിൽ കണ്ണികളായി.

മുളന്തുരുത്തി പള്ളിയിലും 1934 ലെ ഭരണഘടന നടപ്പാക്കാൻ കോടതി വിധിയുണ്ട്. അതേസമയം യാക്കോബായ വിഭാഗം മൃതദേഹം ഉപയോഗിച്ച് സമര നാടകമാണ് നടത്തുന്നതെന്ന് ഓർത്തഡോക്സ് സഭയുടെ സിനഡ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറസ് ആരോപിച്ചു.

നിയമപരമല്ലാതെ മൃതദേഹം അടക്കാൻ അനുവദിക്കില്ലെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ആലപ്പുഴ ജില്ലാ കളക്ടർ അഥീല അബ്ദുള്ള മാറ്റിയതിൽ സംശയമുണ്ടെന്നും ഓർത്തഡോക്സ് സഭയുടെ സിനഡ് സെക്രട്ടറി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top