മാഞ്ചസ്റ്ററിനെ സൗദി രാജകുമാരൻ ഏറ്റെടുക്കില്ല; പുറത്തു വന്ന വാർത്തകൾ തെറ്റെന്ന് റിപ്പോർട്ട്

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഏറ്റെടുക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ക്ലബ് എംഡി റിച്ചാർഡ് ആർണോൾഡ് സൗദി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ട്വിറ്ററിലാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിച്ചത്. എന്നാൽ അത് സത്യമല്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ, താൻ ക്ലബ് വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഹമ്മദ് ബിൻ സൽമാൻ തന്നെ വ്യക്തമാക്കിയിരുന്നു. ഒപ്പം, 2005 മുതൽ ക്ലബിൻ്റെ ഉടമകളായ ഗ്ലേസർ കുടുംബം ക്ലബ് വിൽക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് ക്ലബിൻ്റെ എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ എഡ് വുഡ്‌വാർഡ് വ്യക്തമാക്കിയിരുന്നു.
ഗ്ലേസർ കുടുംബം ക്ലബ് ഏറ്റെടുത്തത് ദീർഘകാലത്തേക്കാണെന്നും വിൽക്കാൻ അവർക്ക് താത്പര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തങ്ങൾ തമ്മിൽ നടത്തിയ എല്ലാ സംഭാഷണങ്ങളും ദീർഘകാല കരാർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കക്കാരായ ഗ്ലേസർ കുടുംബം ക്ലബ് ഏറ്റെടുത്തതിനു ശേഷം അഞ്ച് പ്രീമിയർ ലീഗ്, ഒരു ചാമ്പ്യൻസ് ലീഗ്, ഒരു എഫ്എ കപ്പ്, ഒരു യൂറോപ്പ ലീഗ്, മൂന്ന് ലീഗ് കപ്പുകൾ എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും 2013ൽ സർ അലക്സ് ഫെർഗൂസൻ ക്ലബ് വിട്ടതിനു ശേഷം ഒരു തവണ പോലും അവർ കപ്പടിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here