Advertisement

കുഴിയിൽ ചാടാതെ യാത്ര ചെയ്താൽ 1001 രൂപ സമ്മാനം; വ്യത്യസ്ത പ്രതിഷേധവുമായി എംഎസ്എഫ്

November 3, 2019
2 minutes Read

കുഴിയിൽ ചാടാതെ യാത്ര ചെയ്താൽ 1001 രൂപ സമ്മാനം! എംഎസ്എഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റിയാണ് ആണ് ഈ ഓഫർ മുന്നോട്ടു വെച്ചിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കുന്നതിലെ കെടുകാര്യസ്ഥതയ്ക്കെതിരെ വ്യത്യസ്തമായ ഒരു പ്രതിഷേധമെന്ന നിലയിലാണ് എംഎസ്എഫ് ഇത്തരം ഒരു ആശയവുമായി രംഗത്തെത്തിയത്.

ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ നടക്കൽ മുബാറക്ക് ഹോട്ടലിൻ്റെ മുൻവശം മുതൽ ഒന്നാം മൈൽ വരെയാണ് യാത്ര ചെയ്യേണ്ടത്. യാത്രയുടെ വീഡിയോ എംഎസ് എഫ് ഈരാറ്റുപേട്ടയുടെ ഫേസ്ബുക്ക് പേജിലേക്ക് അയച്ചു നൽകണം. ഒരു കുഴിയിൽ പോലും ചാടാതെ യാത്ര ചെയ്താൽ 1001 രൂപ സമ്മാനമായി ലഭിക്കും.

പൂഞ്ഞാർ എംഎൽഎ പിസി ജോർജിനോടുള്ള പ്രതിഷേധമാണ് ഇതിലൂടെ തങ്ങൾ അറിയിക്കുന്നതെന്ന് എംഎസ്എഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് സാബിത്ത് ട്വൻ്റിഫോർ ന്യൂസിനോട് പ്രതികരിച്ചു. വികസനം നടത്തുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും കാണുന്നില്ല. ഈ റോഡിനു വേണ്ടിയുള്ള ഫണ്ടൊക്കെ പണ്ടേ അനുവദിച്ചതാണ്. പക്ഷേ, ഇതുവരെ ഇത് നന്നാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഈരാറ്റുപേട്ടയുടെ പുറത്തേക്ക്, പൂഞ്ഞാർ ഭാഗത്തേക്കോ, തൊടുപുഴ ഭാഗത്തേക്കോ, പാല ഭാഗത്തേക്കോ ഒക്കെയുള്ള റോഡുകൾ നല്ലതാണ്. ഈരാറ്റുപേട്ടയോട് പിസി ജോർജിന് ഒരു പ്രത്യേക മനോഭാവമാണ്. അവഗണനയാണ്.”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇങ്ങനെയൊരു പ്രത്യേക സ്ഥലം തിരഞ്ഞെടുത്തത് അതൊരു ടൂറിസ്റ്റ് ഏരിയയിലേക്കുള്ള റോഡ് ആയതിനാലാണ്. ഒരുപാട് ആളുകൾ അങ്ങോട്ടേക്ക് പോകുന്നുണ്ട്. അവിടെ മാത്രമല്ല പ്രശ്നം, പല സ്ഥലങ്ങളിലും റോഡിൻ്റെ അവസ്ഥ ശോകമാണ്. ഒരുപാട് നാളായി ഈ റോഡ് ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. – അദ്ദേഹം പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top