വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തള്ളാതെ മുഖ്യമന്ത്രി; യുഎപിഎ കരിനിയമം, ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല

കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നടന്ന അറസ്റ്റിനെ തള്ളാതെയും യുഎപിഎ ചുമത്തിയതിനെ തള്ളിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. യുഎപിഎ കരിനിയമമാണെന്നും അതു ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന ഹിറ്റ്‌ലറുടെ കസേരയില്‍ ഇപ്പോള്‍ പിണറായി വിജയനാണ് ഇരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കിട്ടിയെന്ന പോലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കോഴിക്കോട്ടെ സിപിഐഎം പ്രവര്‍ത്തകരായ അലന്‍, താഹ എന്നിവരുടെ അറസ്റ്റിനെ മുഖ്യമന്ത്രി വിശദീകരിച്ചത്.
Read More:യുഎപിഎ ചുമത്തിയുള്ള യുവാക്കളുടെ അറസ്റ്റ്: ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി
ഇരുവരുടെ പക്കല്‍ നിന്നും ലഘുലേഖകളും മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ യുഎപിഎ ചുമത്തിയതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പരോക്ഷമായി പറഞ്ഞു. യുഎപിഎ കൊണ്ടുവന്നതും ഓരോഘട്ടത്തിലും പിന്തുണച്ചതും കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു. യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം നേതൃത്വം തന്നെ രംഗത്ത് വന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിരപരാധികളായ കുട്ടികളെ തീവ്രവാദിയാക്കുന്ന രീതിയാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Read More:യുഎപിഎ; പൊലീസ് കെട്ടിച്ചമച്ച കഥയെന്ന് അറസ്റ്റിലായ താഹയുടെ സഹോദരന്‍
യുഎപിഎ കേസുകള്‍ ഡിവൈഎസ്പിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി പ്രോസിക്യൂഷന്‍ അനുമതിയും വേണ്ട നിയമോപദേശവും തേടി സര്‍ക്കാരിന്റെ അനുമതിയോടെയെ അന്തിമ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഎപിഎ കേസുകളില്‍ പ്രോസിക്യൂഷന് അനുമതി നല്‍കുന്നത് അവലോകനം നടത്താന്‍ നേരത്തെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി യുഎപിഎ അഥോറിറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി (ആഭ്യന്തര വകുപ്പ്), ഐജി ഇന്റേണല്‍ സെക്യൂരിറ്റി തുടങ്ങിയവര്‍ അംഗങ്ങളാണ്. ഈ കമ്മിറ്റിയുടെ ശുപാര്‍ശയ്ക്കുശേഷം മാത്രമേ സര്‍ക്കാര്‍ യുഎപിഎ കേസുകളില്‍ പ്രോസിക്യൂഷന് അനുമതി നല്‍കുകയുള്ളൂ.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലവിലുള്ള എല്ലാ യുഎപിഎ കേസുകളിലും പ്രോസിക്യൂഷന് അനുമതി തേടുന്നതിനു മുമ്പ് പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പരിശോധനയ്ക്കും ശേഷമാണ് യുഎപിഎ കേസുകള്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് സര്‍ക്കാരിലേക്ക് നല്‍കുക. മുന്‍ സര്‍ക്കാരിന്റെ കാലത്ത് യുഎപിഎ ചുമത്തിയ ആറ് കേസുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പരിശോധനയ്ക്ക് വിധേയമാക്കുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here