പൂതന പരാമർശം തിരിച്ചടിയായി; ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ ജി സുധാകരന് വിമർശനം

ഷാനിമോൾ ഉസ്മാനെതിരായ മന്ത്രി ജി സുധാകരന്റെ പൂതന പരാമർശം അരൂർ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ. ആലപ്പുഴ ജില്ലാ നേതൃയോഗത്തിലാണ് ജി സുധാകരനെതിരെ വിമർശനം ഉയർന്നത്. പൂതന പരാമർശം വോട്ടുകൾ കുറച്ചെന്ന് യോഗം വിലയിരുത്തി.
പൂതന പരാമർശവുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ നേതൃയോഗത്തിലും വിമർശനം. സംസ്ഥാന നേതാക്കളും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും സംഘടനാ ദൗർബല്യം തിരിച്ചടിയായെന്നും യോഗത്തിൽ വിമർശനം ഉണ്ടായി. അതേസമയം, തോൽവിയെ കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ വേണമോയെന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കും
എൽഡിഎഫ് കുടുംബയോഗത്തിലായിരുന്നു ഷാനിമോൾ ഉസ്മാനെതിരായ മന്ത്രി ജി സുധാകരന്റെ വിവാദ പരാമർശം. പൂതനമാർക്ക് അരൂരിൽ വിജയിക്കാനാകില്ല എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ഇതിനെതിരെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here