സമ്പുഷ്ട യുറേനിയം ഉത്പാദനം 10 ശതമാനം വര്‍ധിപ്പിച്ചെന്ന് ഇറാന്‍

ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിന് പിന്നാലെയാണ് ഇറാന്‍ നിലപാട് അറിയിച്ചത്. ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്‌തെങ്കിലും കരാറിലെ മറ്റ് കക്ഷികള്‍ ഇതുവരെ കരാറിനെ തള്ളിപ്പറഞ്ഞിരുന്നില്ല. ഇത് ഇറാനെ ചൊടിപ്പിച്ചിരുന്നു.
ഉപരോധം മറികടക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ചൈനയും ജര്‍മനിയും റഷ്യയും സഹായിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് മുതിരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിദിനം അഞ്ച് കിലോഗ്രാം സമ്പുഷ്ട യുറേനിയം ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് ഇറാന്‍ പറയുന്നത്.
രണ്ട് നവീകൃത സെന്‍ട്രിഫ്യൂജ് യന്ത്രങ്ങള്‍ പുതിയതായി വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നിന്റെ പരീക്ഷണം ആരംഭിച്ചതായും ഇറാന്‍ ആണവോര്‍ജ സമിതി അധ്യക്ഷന്‍ അലി അക്ബര്‍ സ്വലേഹി വ്യക്തമാക്കി. ആണവായുധ നിര്‍മാണത്തിനുകൂടി ഉപയോഗിക്കുന്ന സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം കരാര്‍ വ്യവസ്ഥയില്‍ പറഞ്ഞിരുന്ന 300 കിലോ പരിധിയില്‍ നിന്ന് കൂട്ടിയതായി ജൂലൈയില്‍ തന്നെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here