വാളയാർ പീഡനക്കേസ്; പ്രതികൾ സിപിഐഎം പ്രവർത്തകർ തന്നെയെന്ന് ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികൾ സിപിഐഎം പ്രവർത്തകർ തന്നെയെന്ന് ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ. മൂന്നാം പ്രതി പ്രദീപ് കുമാർ ആർഎസ്എസ് പ്രവർത്തകനാണോ എന്നറിയില്ലെന്നും അമ്മ പറഞ്ഞു.
രണ്ട് പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്നും പാർട്ടിക്കാരോടൊപ്പം പ്രതികളെ നിരവധി തവണ കണ്ടിട്ടുണ്ടെന്നുമാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം. ആർഎസ്എസ് പ്രവർത്തകനാണെന്ന് സിപിഐഎം ആരോപിച്ച മൂന്നാം പ്രതി പ്രദീപ് കുമാറിന്റെ രാഷ്ട്രീയം അറിയില്ല. എന്നാൽ മുഖ്യമന്ത്രിയിൽ നിന്ന് നീതി ലഭിക്കും എന്ന് ഉറപ്പുള്ളതായും അമ്മ പറഞ്ഞു
വാളയാർ പീഡനക്കേസിൽ പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നാളെ ഹൈക്കോടതിയിൽ അപ്പീൽ സമർപിച്ചേക്കും. ഇതിനിടെ കേസിൽ സിബിഐ അന്വേഷണം ഉൾപെടെ ആവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പൊതുഗതാഗത സംവിധാനവും നിലച്ചു. സ്വകാര്യ വാഹനങ്ങളും, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയത് യാത്രക്കാർക്ക് ആശ്വാസമായി. ജില്ലയിലെവിടെയും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരവും പ്രദേശത്ത് പുരോഗമിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here