വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകാന്‍ വൈകും

എറണാകുളത്തെ തിരക്കേറിയ ജംഗ്ഷനുകളായ വൈറ്റിലയിലേയും കുണ്ടന്നൂരിലെയും മേല്‍പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളാന്‍ സാധ്യത. ബില്‍ പാസാക്കുന്നതിലെ കാലതാമസമാണ് കാരണം. ഫ്‌ളൈഓവറുകള്‍ക്കായി കിഫ്ബിയില്‍ നിന്നാണ് പണം അനുവദിക്കേണ്ടത്.

2020 മാര്‍ച്ചിലാണ് കുണ്ടന്നൂര്‍, വൈറ്റില മേല്‍പാലങ്ങളുടെ നിര്‍മാണം തീരേണ്ടത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമാകില്ലെന്ന് കരാറുകാര്‍ വ്യക്തമാക്കുന്നു. ബില്ലുകള്‍ പാസാകുന്നതില്‍ നേരിടുന്ന കാലതാമസമാണ് പ്രധാന പ്രതിസന്ധി. വൈറ്റില ഫ്‌ളൈഓവര്‍ കരാറുകാരായ ശ്രീധന്യാ കണ്‍സ്ട്രക്ഷന് 13 കോടി രൂപയാണ് കുടിശികയുള്ളത്. കുണ്ടന്നൂര്‍ മേല്‍പാലത്തിന്റെ ചുമതലക്കാരായ മേരിമാതാ കണ്‍സ്ട്രക്ഷന്‍സിന് നല്‍കാനുള്ളത് ഒമ്പത് കോടി രൂപയും. പ്രധാനപ്പെട്ട ഈ രണ്ട മേല്‍പാലങ്ങളുടെ നിര്‍മാണത്തിനും കിഫ്ബിയില്‍ നിന്നാണ് പണം അനുവദിക്കേണ്ടത്. എന്നാല്‍ കൃത്യസമയത്ത് കിഫ്ബിയുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കരാറുകാര്‍ ആരോപിക്കുന്നു.

അതേസമയം ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ് ബില്ലുകള്‍ പാസാക്കുന്ന കാര്യത്തില്‍ അവശേഷിക്കുന്നതെന്നാണ് കിഫ്ബിയുടെ വാദം. പ്രധാനപ്പെട്ട രണ്ട് മേല്‍പാലങ്ങളാണ് വൈറ്റിലയിലേതും കുണ്ടന്നൂരിലേതും. അതിനാല്‍ വീഴ്ചകളുണ്ടാകാതിരിക്കാന്‍ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി പണം ഉടന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More