Advertisement

പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്ന് ബിജെപി നേതാവ്; ബംഗാളിൽ പശുവിനെ സ്വർണപ്പണയത്തിന് കൊണ്ടുവന്ന് പാൽക്കാരൻ

November 7, 2019
1 minute Read

നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്നും അതുകൊണ്ടാണ് പാലിന് സ്വർണനിറമുള്ളതെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞത് ഈയിടെയാണ്.

കേട്ടപാതി കേൾക്കാതെ പാതി പശ്ചിമ ബംഗാളിൽ ഒരാൾ മണപ്പുറം ഗോൾഡ് ഫിനാൻസിൽ സ്വർണ പണയത്തിന് രണ്ട് പശുക്കളുമായെത്തി. പശ്ചിമ ബംഗാളിലെ ദാൻകുനിയിലാണ് സംഭവം നടന്നത്. സ്ഥലത്തെ ഒരു ലോക്കൽ ചാനലിനോട് അയാൾ പറഞ്ഞത് ഇങ്ങനെ, ‘പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന് കേട്ടു. എന്റെ കുടുംബം ജീവിക്കുന്നത് പശുക്കളെ ആശ്രയിച്ചാണ്. 20 പശുക്കളുണ്ടെനിക്ക്. 2 പശുക്കളെ സ്വർണപ്പണയത്തിന് വച്ചാൽ ഒരുപക്ഷെ ബിസിനസ് വലുതാക്കാൻ കഴിഞ്ഞേക്കും.’

ഗരൾഗച ഗ്രാമമുഖ്യനായ മനോജ് സിംഗ് പറയുന്നതെന്തെന്നാൽ, എല്ലാ ദിവസവും നാട്ടുകാർ വന്ന് ചോദിക്കുന്നത്രേ തങ്ങളുടെ പശുക്കൾക്ക് എത്ര പണം സ്വർണപ്പണയമായി ലഭിക്കുമെന്ന്! ഈ കണ്ടുപിടിത്തത്തിന് ദിലീപ് ഘോഷിന് നൊബേൽ കൊടുക്കണമെന്നും ഇയാൾ പരിഹസിച്ചു.

സാധാരണക്കാരുടെ പ്രാഥമികാവശ്യങ്ങളെ പറ്റി സംസാരിക്കാതെ ബിജെപി നേതാക്കൾ മതത്തെക്കുറിച്ചും ഹിന്ദുത്വത്തെ പറ്റിയുമാണ് വാചക കസർത്ത് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കാർ മാതാവായി കാണുന്നത് നാടൻ പശുവിനെയാണെന്നും പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞിരുന്നു. ബുർദ്വാനിൽ ഗോപ അഷ്ടമിയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ വെച്ചായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന.

”പശു ഞങ്ങളുടെ മാതാവാണ്. മുലപ്പാലിനു ശേഷം പശുവിന്റെ പാലാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത് പശുവിന്റെ പാൽ കുടിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്. ആരെങ്കിലും അമ്മയോടു മോശമായി പെരുമാറിയാൽ അവർ അർഹിക്കുന്ന തിരിച്ചടി ലഭിക്കും. വീട്ടിൽ വിദേശ നായ്ക്കളെ വളർത്തി അവയുടെ വിസർജ്ജ്യം വരെ വൃത്തിയാക്കാൻ മടിയില്ലാത്തവരാണ് വഴിയരികിൽ നിന്ന് ബീഫ് വാങ്ങി കഴിക്കുന്നത്. പശുവിനെ അമ്മയായി കാണുന്ന ഇന്ത്യയിൽ പശുഹത്യയും ബീഫ് കഴിക്കുന്നതും കുറ്റകരമാണ്”- എന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top