Advertisement

മാധ്യമപ്രവര്‍ത്തകനു നേരെ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ ആക്രമണം

November 7, 2019
0 minutes Read

തിരുവനന്തപുരത്ത് ജയ്ഹിന്ദ് ടിവി ക്യാമറമാനെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ മര്‍ദിച്ചു. ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. നിയമസഭയ്ക്ക് സമീപം മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ ചരമവഷിക ദിനാചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

വാഹനം റോഡരികില്‍ നിര്‍ത്തി ക്യാമറ പുറത്തെടുക്കുന്നതിനിടയിലാണ് സംഭവം. വാഹനം ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാണ് വനിതാ കോണ്‍സ്റ്റബിള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ ജയ്ഹിന്ദ് ടിവി ക്യാമറാന്‍ ബിബിന്‍ കുമാറിന്റെ മുഖത്ത് അടിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ സ്ഥലത്തെത്തി ഇവരെ ഇവിടെനിന്ന് മാറ്റുകയായിരുന്നു.

വനിതാ കോണ്‍സ്റ്റബിളിന് മാനസിക സമ്മര്‍ദങ്ങളുള്ളതിനാലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്നാണ് മറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം അംഗീകരിക്കാനാകാത്തതാണെന്നും വിഷയം മുഖ്യമന്ത്രിയേയും സ്പീക്കറേയും ധരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭാ നടപടി ക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമപ്രവര്‍ത്തകര്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പണിയെടുക്കുന്നവരാണ് അവര്‍ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിന്റേതാണ്. അതിന് നേതൃത്വം നല്‍കേണ്ട പൊലീസ് തന്നെ ആക്രമിക്കുന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇക്കാര്യം സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top