Advertisement

കെ-ഫോൺ പദ്ധതി വരുന്നു; പാവപ്പെട്ട ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ

November 7, 2019
1 minute Read

കെ-ഫോൺ പദ്ധതിക്ക് അനുമതി നൽകാൻ മന്ത്രിസഭ തീരുമാനം. സംസ്ഥാനത്തെ ഇൻറർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സൗജന്യം ലഭിക്കാത്തവർക്ക് കുറഞ്ഞ നിരക്കിൽ  കണക്ഷൻ ലഭിക്കുന്നതാണ്.

എല്ലാവർക്കും ഇൻറർനെറ്റ് ആണ് പദ്ധതിയുടെ ലക്ഷ്യം.  മൊത്തം ചെലവ് 1548 കോടി രൂപ. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇൻറർനെറ്റ് കണക്ഷൻ നൽകും. കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രെക്ടർ ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ് പദ്ധതിയുടെ ടെണ്ടർ. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കും.

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ഉള്ളവർക്ക് ഈ പദ്ധതിയിലൂടെ സേവനങ്ങൾ കുറച്ചുകൂടെ നല്ല രീതിയിൽ ജനങ്ങളിൽ എത്തിക്കാൻ കഴിയും. കേബിൾ ടിവി ഓപ്പറേറ്റർമാർക്കും അവരുടെ സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാൻ കെ- ഫോണുമായി സഹകരിക്കാൻ അവസരമുണ്ടാകും.

പദ്ധതിയുടെ ഭാഗമായി സർക്കാരിന്റെ നിയന്ത്രണത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് നിലവിൽ വരും. വിദ്യാഭ്യാസ രംഗത്ത് ഈ പദ്ധതി ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.

മുപ്പതിനായിരത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷൻ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കും. സർക്കാർ സേവനങ്ങളെ കൂടുതൽ ഡിജിറ്റലാക്കുകയും ഇ-ഹെൽത്ത് പോലുള്ള പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യും. ഐടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ ഹൈസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും.

ഗ്രാമങ്ങളിൽ ചെറുകിട സംരംഭങ്ങൾക്ക് ഇ-കൊമേഴ്‌സ് വഴി വിൽപ്പന നടത്താം. ഉയർന്ന നിലവാരമുള്ള വീഡിയോ കോൺഫറൻസിംഗ് സൗകര്യം, ഗതാഗതമേഖലയിൽ മാനേജ്‌മെന്റ് കാര്യക്ഷമമാക്കൽ തുടങ്ങിയവയും ഈ പദ്ധതിയിലൂടെ സാധ്യമാകും.

നിലവിൽ മൊബൈൽ ടവറുകളിൽ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബർ നെറ്റ് വർക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. എന്നാൽ കെ-ഫോൺ പൂർത്തിയാകുന്നതോടെ എല്ലാ മൊബൈൽ ടവറുകളും ഫൈബർ ശൃംഖല വഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇൻറർനെറ്റ്, മൊബൈൽ സേവന ഗുണമേന്മ വർധിപ്പിക്കാനും സാധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top