പച്ചക്കറി വില പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ; ഉത്തർപ്രദേശിൽ നിന്ന് ഉരുളക്കിഴങ്ങ് കൊണ്ടുവരും

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില പിടിച്ച് നിർത്താൻ ഹോർട്ടി കോർപ്പിന്റെ വിപണി ഇടപെടൽ. നാഫെഡ് വഴി സവാളയും ഉത്തർപ്രദേശിൽ നിന്ന് ഉരുളക്കിഴങ്ങും കൊണ്ടുവരും. സവാളക്കും തക്കാളിക്കും ഉൾപ്പെടെ റെക്കോർഡ് വില വർധനവാണ് ഉണ്ടായിട്ടുള്ളത്.
പച്ചക്കറികൾക്ക് ഇരട്ടിയോളം വില വർധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ ഇടപെടൽ. നാഫെഡ് സംഭരിച്ച് വച്ചിട്ടുള്ള സവാള വിപണിയിലെത്തിക്കാൻ നടപടി സ്വീകരിക്കും. ഉത്തർപ്രദേശ് സർക്കാരിന്റെ സഹകരണത്തോടെയാണ് ഉരുളക്കിഴങ്ങ് സംഭരിക്കുക. മറ്റ് പച്ചക്കറികൾ വിപണി വിലയേക്കാൾ 30% വിലക്കുറവിൽ വിൽക്കാനും ഹോർട്ടി കോർപ് തീരുമാനിച്ചു.
കഴിഞ്ഞ ആഴ്ച 40 രൂപ ഉണ്ടായിരുന്ന സവാളക്ക് ഇപ്പോൾ 80 രൂപയാണ് വില. സവാളക്ക് മാത്രമല്ല 165 രൂപ ഉണ്ടായിരുന്നു വെളുത്തുള്ളിക്ക് 190 ഉം, തക്കാളിക്ക് 40 ൽ നിന്ന് 60 രൂപയുമായി. ചെറിയുള്ളിയുടെ വില 25 രൂപ വർധിച്ച് 70 രൂപയിലെത്തി. അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്താത്തതും ഇടക്കിടെ ഉണ്ടാകുന്ന കനത്ത മഴയുമാണ് വിലക്കയറ്റത്തിനു കാരണമായി കച്ചവടക്കാർ പറയുന്നത്.
തുടർച്ചയായി ഉണ്ടാകുന്ന വില വർധനവ് ജനങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നുണ്ട്. വില പിടിച്ച് നിർത്താൻ ഭക്ഷ്യവകുപ്പിന്റെ ഇടപെടൽ ഉണ്ടായത് സാധാരണക്കാർക്ക് ആശ്വാസമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here